Home Keralaഅപകടത്തിൽപ്പെട്ട ജോൺസന്റെ വിവരങ്ങൾ കണ്ടെത്തുന്നതിൽ വീഴ്ച; തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൂട്ടനടപടി, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അപകടത്തിൽപ്പെട്ട ജോൺസന്റെ വിവരങ്ങൾ കണ്ടെത്തുന്നതിൽ വീഴ്ച; തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൂട്ടനടപടി, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

by news_desk1
0 comments

തിരുവനന്തപുരം: വാഹനാപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ജോൺസന്റെ തിരിച്ചറിയൽ വിവരങ്ങൾ യഥാസമയം കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ കൂട്ടനടപടി. ക്യാഷ്വാലിറ്റി പിആർഒയെ അന്വേഷണവിധേയമായി ജോലിയിൽനിന്ന് മാറ്റിനിർത്തി. ക്യാഷ്വാലിറ്റിയുടെ ചുമതലയുണ്ടായിരുന്ന രണ്ട് സീനിയർ നഴ്സിങ് ഓഫിസർമാരെയും ചുമതലയിൽനിന്ന് നീക്കി. സംഭവത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിർദേശപ്രകാരമാണ് നടപടി.

ക്യാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട്, ചീഫ് നഴ്സിങ് ഓഫിസർ, സെക്യൂരിറ്റി ഓഫിസർ എന്നിവരോട് വിശദീകരണം തേടിയിട്ടുണ്ട്. അടിയന്തരമായി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും മന്ത്രി നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. വീഴ്ച വരുത്തിയതായി കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കുന്ന രോഗികളുടെ തിരിച്ചറിയൽ വിവരങ്ങൾ ശേഖരിക്കുന്നതിലും രേഖപ്പെടുത്തുന്നതിലും ഏകോപനത്തിലും വീഴ്ചയുണ്ടാകുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബർ 17ന് പുലർച്ചെ അഞ്ചിന് ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ഗ്രീൻഫീൽഡിന് സമീപമാണ് ജോൺസൻ വാഹനാപകടത്തിൽപ്പെട്ടത്. ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന് 11 ദിവസം ഗുരുതരാവസ്ഥയിൽ ചികിത്സ ലഭിച്ചെങ്കിലും കുടുംബത്തെ വിവരം അറിയിച്ചില്ലെന്നാണ് പരാതി. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കൈവശമുണ്ടായിരുന്നിട്ടും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.

You may also like