Home Kerala‘സതീശന്റെ മുഖ്യമന്ത്രി മോഹം നടക്കില്ല, പിആർ വർക്ക് അവസാനിപ്പിക്കണം’; എറണാകുളം ഡിസിസിക്ക് മുന്നിൽ പോസ്റ്റർ പ്രതിഷേധം

‘സതീശന്റെ മുഖ്യമന്ത്രി മോഹം നടക്കില്ല, പിആർ വർക്ക് അവസാനിപ്പിക്കണം’; എറണാകുളം ഡിസിസിക്ക് മുന്നിൽ പോസ്റ്റർ പ്രതിഷേധം

by news_desk
0 comments

മുതിർന്ന നേതാക്കളെ താറടിക്കാൻ അനുവദിക്കില്ലെന്ന് ‘കോൺഗ്രസ് ഫാമിലി’; വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തർക്കം രൂക്ഷം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പരസ്യമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലി’യുടെ പേരിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെ അനുകൂലിച്ചും സതീശനെ കടന്നാക്രമിച്ചുമാണ് പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്.

പിആർ വർക്കുകളുടെ ബലത്തിൽ മുഖ്യമന്ത്രിയാകാൻ വി.ഡി സതീശൻ ശ്രമിക്കുന്നുവെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആരോപണം. രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് കാണിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം നടക്കില്ലെന്ന് ഫ്ലെക്സുകളിൽ കുറിച്ചിരിക്കുന്നു. സതീശന്റെ പിആർ പണികൾ അവസാനിപ്പിക്കണമെന്നും കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിച്ചുകൊള്ളുമെന്നും മറ്റൊരു പോസ്റ്ററിൽ മുന്നറിയിപ്പ് നൽകുന്നു.

തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ പാർട്ടിക്ക് ദോഷകരമായ രീതിയിൽ പോസ്റ്ററുകൾ ഉയർന്നത് പ്രാദേശിക നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ചെന്നിത്തലയെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് സൂചന. മുഖ്യമന്ത്രി ചർച്ചകൾ പാടില്ലെന്ന ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് സ്വന്തം പാർട്ടി ഓഫീസിന് മുന്നിൽ തന്നെ പ്രതിപക്ഷ നേതാവിനെതിരെ ഇത്തരത്തിൽ പ്രതിഷേധം അരങ്ങേറുന്നത്.

You may also like