ലഗേജുകളിൽ ഒളിപ്പിച്ചത് വിദേശയിനം കഞ്ചാവ്; വിമാനത്താവള ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയെന്ന് പൊലീസ്
കൊളംബോ: ശ്രീലങ്കയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് ശേഖരവുമായി 22 ബുദ്ധ സന്യാസിമാർ പിടിയിലായി. ലഗേജുകളിൽ ഒളിപ്പിച്ച നിലയിൽ 110 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്ന് ശ്രീലങ്കൻ പൊലീസ് അറിയിച്ചു. വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ മയക്കുമരുന്ന് ശേഖരം പിടികൂടുന്നത്. പിടിയിലായ സന്യാസിമാരെ നെഗോമ്പോ മജിസ്‌ട്രേറ്റ് കോടതി മെയ് രണ്ട് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നാല് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങുകയായിരുന്നു സന്യാസിമാരുടെ സംഘം. ഇവരുടെ ലഗേജുകളിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥരും പൊലീസ് നാർക്കോട്ടിക് ബ്യൂറോയും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ വൻ വിലയുള്ള ‘കുഷ്’ ഇനത്തിൽപ്പെട്ട കഞ്ചാവും ഹാഷിഷും ആണ് ഇവർ കടത്താൻ ശ്രമിച്ചത്.
സന്യാസിവേഷത്തിൽ എത്തിയവർ ഇത്ര വലിയ അളവിൽ ലഹരിമരുന്ന് കടത്തിയത് ശ്രീലങ്കൻ സമൂഹത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും വിദേശ മയക്കുമരുന്ന് മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ലഹരിമരുന്ന് കടത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
