പിക്കപ്പ് വാൻ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ കാസർകോട്, വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബെംഗളൂരുവിന് സമീപം രാംനഗരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി സുബിൽ പി.ടി (37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബെംഗളൂരുവിലേക്ക് വരികയായിരുന്നു ഇരുവരും. വാഹനമോടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അപകടത്തെത്തുടർന്ന് മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും രാംനഗരയിലേക്ക് പുറപ്പെട്ടു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ രാംനഗര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏകദേശം ഒരു മാസം മുൻപ് ഇതേ റൂട്ടിൽ മറ്റൊരു വൻ അപകടം കൂടി നടന്നിരുന്നു. ബെംഗളൂരു – മൈസൂരു ഹൈവേയ്ക്ക് സമീപം ചന്നപ്പട്ടണയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നാല് മലയാളികൾ അന്ന് മരിച്ചിരുന്നു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സക്കീർ (27), റാഫീസ് (45), റഷീദ് എന്നിവരാണ് ആ അപകടത്തിൽ മരിച്ചവർ. അന്നും ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു അപകടകാരണമായി കണ്ടെത്തിയത്. മുപ്പത്തിരണ്ട് യാത്രക്കാരുണ്ടായിരുന്ന ബസിലുണ്ടായിരുന്ന മറ്റുള്ളവർ നിസാര പരിക്കുകളോടെയാണ് അന്ന് രക്ഷപ്പെട്ടത്.
