ചെന്നൈ: തമിഴ് ചലച്ചിത്ര ലോകത്ത് വിപ്ലവം സൃഷ്ടിച്ച പ്രശസ്ത സംവിധായകനും നടനുമായ പി. ഭാരതിരാജ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായ അദ്ദേഹം, ഗ്രാമീണ കഥകൾക്ക് വെള്ളിത്തിരയിൽ പുതിയ ഭാവുകത്വം നൽകിയ പ്രതിഭയാണ്.
കഴിഞ്ഞ വർഷം മാർച്ചിൽ ഭാരതിരാജയുടെ മകൻ മനോജ് ഭാരതിരാജ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു. മകന്റെ അപ്രതീക്ഷിത വിയോഗം ഭാരതിരാജയെ മാനസികമായി ഏറെ തളർത്തിയിരുന്നതായും ആ ആഘാതത്തിൽ നിന്ന് അദ്ദേഹത്തിന് മുക്തനാകാൻ കഴിഞ്ഞിരുന്നില്ലെന്നും സഹോദരൻ ജയരാജ് പെരിയമയത്തേവർ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
1941 ജൂലൈ 17-നാണ് ഭാരതിരാജ ജനിച്ചത്. 1977-ൽ രജനികാന്തും കമൽഹാസനും പ്രധാന വേഷങ്ങളിലെത്തിയ ‘പതിനാറ് വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചത്. ഈ ആദ്യ സിനിമയിലൂടെത്തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ഭാരതിരാജയെ തേടിയെത്തി.
തുടർന്ന് തമിഴ് സിനിമയിൽ സൂപ്പർഹിറ്റുകളുടെ ഒരു വലിയ പരമ്പര തന്നെയാണ് അദ്ദേഹം സൃഷ്ടിച്ചത്.
- കിഴക്കേ പോകും റെയിൽ
- സിഗപ്പ് റോജാക്കൾ
- പുതിയ വാർപ്പുകൾ
- നിറം മാറാത്ത പൂക്കൾ
- റെഡ് റോസ്
- നിഴൽഗൾ
- അലൈകൾ ഓയ്‌വതല്ലൈ
- ടിക് ടിക് ടിക്
- കാതൽ ഓവിയം
- വാലിബമേ വാ വാ
- മൻ വാസനൈ
- പുതുമൈ പെണ്ണ്
- കിഴക്ക് ചീമയിലെ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
സംവിധാനത്തിന് പുറമെ ഇരുപത്തിയൊന്നോളം ചിത്രങ്ങളിൽ ഭാരതിരാജ നടനായും തിളങ്ങിയിട്ടുണ്ട്. മോഹൻലാൽ നായകനായ ‘തുടരും’ എന്ന മലയാള ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ അദ്ദേഹം എത്തിയിരുന്നു.
ആറ് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹത്തെ 2004-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായും ഭാരതിരാജ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ ഒരു സുവർണ്ണ അധ്യായത്തിനാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ വിരാമമാകുന്നത്.
