Home Keralaപാലക്കാട് സിപിഐഎമ്മില്‍ കൂട്ടരാജി; ജില്ലാ സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തം

പാലക്കാട് സിപിഐഎമ്മില്‍ കൂട്ടരാജി; ജില്ലാ സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തം

by news_desk1
0 comments

പാലക്കാട്: സിപിഐഎമ്മില്‍ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ പാലക്കാട് ജില്ലയില്‍ കൂട്ടരാജി. ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് നാല് ബ്രാഞ്ച് കമ്മിറ്റികളില്‍നിന്നായി 24 പേര്‍ രാജിവെച്ചത്. കൂടുതല്‍ പേര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നതായും സൂചനയുണ്ട്.

പാലക്കാട് ഏരിയാ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറിനെ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി തരംതാഴ്ത്തിയത്. ഏരിയാ കമ്മിറ്റി യോഗത്തിനിടെ ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ വിശദീകരണം.

അതേസമയം ജില്ലാ സെക്രട്ടറി നിരന്തരം അധിക്ഷേപിച്ചുവെന്നാണ് രാജിവെച്ച പ്രവര്‍ത്തകരുടെ ആരോപണം. “എന്റെ ഔദാര്യത്തിലാണ് നീ പാര്‍ട്ടി കമ്മിറ്റിയില്‍ ഇരിക്കുന്നത്” എന്ന രീതിയിലുള്ള പരാമര്‍ശങ്ങളാണ് ജില്ലാ സെക്രട്ടറിയില്‍നിന്ന് ഉണ്ടായതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഈ സമീപനത്തിനെതിരായ പ്രതിഷേധമാണ് കൂട്ടരാജിക്ക് കാരണമെന്നും ജില്ലാ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് അവരുടെ ആവശ്യം.

അബ്ദുൽ ഷുക്കൂറിനെ പിന്തുണച്ച് പാര്‍ട്ടി വിട്ടവര്‍ പാലക്കാട് ജില്ലയില്‍ സിപിഐഎമ്മിനുള്ളിലെ അതൃപ്തി ശക്തമാണെന്നും ഉടന്‍ വിമത കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു. ഉത്തര മലബാറില്‍നിന്നുള്ള നിയുക്ത എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയിലെ അസംതൃപ്തരായ നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്നാണ് വിവരം. ഈ മാസം അവസാനത്തോടെ കണ്‍വെന്‍ഷന്‍ നടക്കുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും സമാന രീതിയില്‍ വിമത നീക്കങ്ങള്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്നിരുന്നു. പി.കെ. ശശിയുടെ നേതൃത്വത്തില്‍ വിമത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ശ്രമം നടത്തിയതും സിപിഐഎമ്മില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

You may also like