Home Kerala‘ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചുനല്‍കി’; പത്തനാപുരത്ത് യുഡിഎഫ്-ബിജെപി ഡീലെന്ന് ഗണേഷ് കുമാര്‍

‘ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചുനല്‍കി’; പത്തനാപുരത്ത് യുഡിഎഫ്-ബിജെപി ഡീലെന്ന് ഗണേഷ് കുമാര്‍

by news_desk1
0 comments

കൊല്ലം: പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യ ധാരണ ഉണ്ടായിരുന്നുവെന്ന ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തി. ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മറിച്ചുനല്‍കിയെന്നാണ് ഗണേഷ് കുമാര്‍ ആരോപിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുന്‍കാല തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വോട്ടുവിഹിതം ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉയര്‍ത്തിയത്. 2016ല്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 11,700 വോട്ടുകളും 2021ല്‍ 12,398 വോട്ടുകളുമായിരുന്നു. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത് 23,000ത്തിലധികം വോട്ടുകളാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് പത്തനാപുരത്ത് ലഭിച്ചത് വെറും 7,031 വോട്ടുകള്‍ മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

പത്തനാപുരത്ത് എന്‍ഡിഎയ്ക്ക് ശക്തമായ പ്രചാരണമോ സാന്നിധ്യമോ ഉണ്ടായിരുന്നില്ലെന്നും ട്വന്റി-20യെ മത്സരിപ്പിച്ചത് തന്നെ യുഡിഎഫ്-ബിജെപി ധാരണയുടെ ഭാഗമായിരുന്നുവെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ‘ചക്ക’ ചിഹ്നത്തില്‍ ട്വന്റി-20യെ രംഗത്തിറക്കിയതോടെയാണ് ഡീല്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും സമാന രീതിയിലുള്ള ധാരണകള്‍ നടന്നുവെന്നാണ് ഗണേഷ് കുമാറിന്റെ ആരോപണം. ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് രണ്ടാം സ്ഥാനത്തെത്തിയതെന്നും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ ചെറിയ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചതെന്നും കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകള്‍ പോലും കോണ്‍ഗ്രസിന് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച പല പഞ്ചായത്ത് വാര്‍ഡുകളിലും ഇത്തവണ രണ്ടക്ക വോട്ടുകള്‍ പോലും ലഭിക്കാത്ത സാഹചര്യമുണ്ടായതും സംശയങ്ങള്‍ ശക്തമാക്കുന്നതായാണ് ഗണേഷ് കുമാറിന്റെ വിലയിരുത്തല്‍. യുഡിഎഫും ബിജെപിയും ചേര്‍ന്ന് എല്‍ഡിഎഫിനെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

You may also like