Home Kerala‘കേരള കോണ്‍ഗ്രസ് എമ്മിന്റെ വിമര്‍ശനത്തില്‍ സിപിഐഎം മൗനം എന്തിന്?’; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യം

‘കേരള കോണ്‍ഗ്രസ് എമ്മിന്റെ വിമര്‍ശനത്തില്‍ സിപിഐഎം മൗനം എന്തിന്?’; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യം

by news_desk1
0 comments

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ വിമര്‍ശനങ്ങള്‍ക്ക് സിപിഐഎം മറുപടി പറയാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ രംഗത്ത്. കേരള കോണ്‍ഗ്രസ് എം ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയായതിനാലാണ് സിപിഐഎം പ്രതികരിക്കാത്തതെന്നും അല്ലെങ്കില്‍ അതിന് മറുപടി നല്‍കേണ്ടതായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചതെന്നും അതില്‍ സിപിഐഎമ്മിന് വ്യക്തമായ മറുപടി ഇല്ലാത്തത് ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായ അസംതൃപ്തി മുന്നണിക്കുള്ളില്‍ തന്നെ ശക്തമാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് നശിപ്പിച്ച സംഭവത്തെയും അദ്ദേഹം വിമര്‍ശിച്ചു. “ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് കീറാന്‍ കൈ പൊന്തുന്നത് ഏത് കോണ്‍ഗ്രസുകാരനാണ്? ഏത് യുഡിഎഫുകാരനാണ്? ഉമ്മന്‍ചാണ്ടി ആരാണെന്ന് ആദ്യം മനസിലാക്കണം,” എന്നാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. സംഭവത്തില്‍ തെറ്റായ നടപടി ഉണ്ടായെന്ന് എഐസിസി തന്നെ വ്യക്തമാക്കിയതായും അതിനോട് പൂര്‍ണമായും യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നും ഹൈക്കമാന്‍ഡ് ഉചിതമായ സമയത്ത് തീരുമാനം പ്രഖ്യാപിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയതോടെ പ്രശ്‌നങ്ങള്‍ പരിഹാരത്തിലേക്ക് നീങ്ങിയതായും വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യാന്‍ നേതാക്കള്‍ തന്നെ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. “രാജാവിനേക്കാള്‍ രാജഭക്തി കാണിക്കേണ്ട ആവശ്യമില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ടും തിരുവഞ്ചൂര്‍ പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും പ്രധാന ചുമതലകള്‍ നല്‍കുമെന്ന സൂചനയും അദ്ദേഹം നല്‍കി. “കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ വീട്ടില്‍ കെട്ടിയിരുന്ന പശുവിനെ പോലും കൊന്ന സംഭവമുണ്ടായി. നീതിപൂര്‍വ്വമായി അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ തിരിച്ചുവരും,” എന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്.

You may also like