ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹി നഗരത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കി. ഡല്‍ഹി പൊലീസിനും വിവിധ സുരക്ഷാ ഏജന്‍സികള്‍ക്കും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ നീക്കങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍, അതിസുരക്ഷാ മേഖലകളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനുമാണ് നിര്‍ദേശം.
പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, രാഷ്ട്രീയ പാര്‍ട്ടി ആസ്ഥാനങ്ങള്‍, മാര്‍ക്കറ്റുകള്‍, ഗതാഗതകേന്ദ്രങ്ങള്‍, തിരക്കേറിയ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ചാവേര്‍ ആക്രമണം, വെടിവെപ്പ്, വാഹനങ്ങളില്‍ ഐഇഡി സ്ഥാപിച്ചുള്ള ആക്രമണം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി ആസ്ഥാനം ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ അധികമായി സായുധസേനാംഗങ്ങളെ വിന്യസിച്ചു. വിവിധ ഇടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും വാഹന പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.
ബോംബ് സ്‌ക്വാഡ്, സ്‌നിഫര്‍ ഡോഗ് യൂണിറ്റ്, ക്വിക്ക് റിയാക്ഷന്‍ ടീം, ഫയര്‍ സര്‍വീസ് വിഭാഗങ്ങള്‍ എന്നിവരെ പൂര്‍ണ സജ്ജമാക്കിയിരിക്കുകയാണ്. നഗരത്തിലെ സാഹചര്യം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ട് നിരീക്ഷിച്ചുവരികയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനുശേഷം തലസ്ഥാന നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു.

