Home Nationalകള്ളപ്പണ ഇടപാട് കേസ്; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസ്; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

by news_desk1
0 comments

അമൃത്സര്‍: കള്ളപ്പണ ഇടപാട് കേസില്‍ പഞ്ചാബ് വ്യവസായ മന്ത്രി സഞ്ജീവ് അറോറയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ മന്ത്രിയെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു. ഗുരുഗ്രാമിലെ പ്രത്യേക കോടതിയുടേതാണ് നടപടി.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യാജ കമ്പനികളുടെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ വില്‍പനയുമായി ബന്ധപ്പെട്ട വ്യാജ ജിഎസ്ടി ഇന്‍വോയിസുകള്‍ സൃഷ്ടിച്ച് 100 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റും ജിഎസ്ടി റീഫണ്ടും തട്ടിയെടുത്തതായും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു.

സഞ്ജീവ് അറോറയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഹാംപ്ടൺ സ്കൈ റിയാലിറ്റി ലിമിറ്റഡിന്റെ ഗുരുഗ്രാമിലെ സ്ഥാപനത്തിലും ഇഡി പരിശോധന നടത്തിയിരുന്നു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും നിയമ നടപടികളില്‍ വിശ്വാസമുണ്ടെന്നും കമ്പനി പ്രതികരിച്ചു.

അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ആസൂത്രിതവുമാണെന്നാണ് മന്ത്രിയുടെ അഭിഭാഷകന്റെ ആരോപണം. മുന്‍കൂര്‍ അറിയിപ്പുകളൊന്നുമില്ലാതെയാണ് ഇഡി എത്തി മന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും ഇതുവരെ എഫ്‌ഐആറിന്റെ പകര്‍പ്പ് പോലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടല്‍ ശക്തമായിരിക്കുകയാണ്. അന്വേഷണത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.

You may also like