ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പൊലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, പ്രതിഷേധത്തിന് കൂടുതൽ നേതാക്കൾ ദില്ലിയിലെത്തുകയാണ്. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കും. ഇന്നും ഉച്ചയ്ക്കുശേഷമായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. രാഷ്ട്രപതിയെ കാണുന്ന 10 പേരെ തീരുമാനിക്കുന്നതിനായി നേതാക്കൾ രാവിലെ 11 മണിക്ക് ആശയവിനിമയം നടത്തും.
പ്രതിഷേധം കൂടുതൽ കടുക്കുമെന്ന വിലയിരുത്തലിൽ ദില്ലിയിലെ സുരക്ഷയും ശക്തമാക്കി. 11,000 അധിക കേന്ദ്രസേനാംഗങ്ങൾ ദില്ലിയിലേക്ക് പുറപ്പെട്ടു. ഈ മാസം 12 വരെ 110 CAPF കമ്പനികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഇതോടെ നഗരത്തിൽ ആകെ 26,000 കേന്ദ്രസേനാംഗങ്ങൾ സുരക്ഷയ്ക്കെത്തും. പ്രതിഷേധത്തിലെ വനിതാ പങ്കാളിത്തം കണക്കിലെടുത്ത് അഞ്ച് വനിതാ CAPF കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്.
സിജെപി ജന്തർ മന്തറിൽ പ്രതിഷേധം പ്രഖ്യാപിച്ചതിന് പിന്നാലെ പൊലീസ് നടപടികളും കർശനമാക്കുകയാണ്. സ്റ്റേഡിയങ്ങൾ താൽക്കാലിക കസ്റ്റഡി കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നു. ഉത്തർപ്രദേശ്, ഹരിയാന അതിർത്തികളിൽ പരിശോധനയും ബാരിക്കേഡിംഗും ശക്തമാക്കും.
പ്രതിഷേധത്തിന് ആളുകളെ എത്തിക്കുന്ന ബസുകളുടെ ബുക്കിംഗും റൂട്ടുകളും പൊലീസ് നിരീക്ഷിക്കും. മെട്രോ സർവീസുകളിലും നിയന്ത്രണം കൊണ്ടുവരും.
ഇതിനിടെ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. നിലവിലെ Z+ സുരക്ഷ കൂടുതൽ ശക്തമാക്കി. അദ്ദേഹത്തിന്റെ വസതിയിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും അധിക സുരക്ഷ ഏർപ്പെടുത്തി. വസതിക്ക് സമീപം അധിക അർധസൈനിക സേനയെയും വിന്യസിച്ചിട്ടുണ്ട്. ദില്ലിയിലെയും ആഗ്രയിലെയും വസതികളിലും സുരക്ഷ വർധിപ്പിച്ചു.
പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ സുരക്ഷാ നടപടികൾ കൂടുതൽ കർശനമാക്കിയിരിക്കുന്നത്.
