പാലക്കാട്: കേരളത്തിൽ എയിംസ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തമ്മിലുള്ള വാക്പോര് തുടരുന്നു. കേരളത്തിലേക്ക് എയിംസ് കൊണ്ടുവരാതിരിക്കാനാണ് സുരേഷ് ഗോപിയുടെ ശ്രമമെന്ന് കെ മുരളീധരൻ ആരോപിച്ചു. എയിംസ് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് വിശദമായ കത്ത് നൽകുമെന്നും ഹൈക്കോടതി നടപടി അറിഞ്ഞശേഷം കേന്ദ്രത്തെ വീണ്ടും സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ എയിംസ് വരണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എയിംസ് എവിടെ സ്ഥാപിച്ചാലും സർക്കാർ സ്വാഗതം ചെയ്യുമെന്നും കെ മുരളീധരൻ പറഞ്ഞു.
കേരളത്തിൽ എയിംസിന് തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് തേടില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെയും മുരളീധരൻ പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ മണ്ഡലത്തിലെ എല്ലായിടത്തും ബിജെപി മൂന്നാം സ്ഥാനത്തായിരുന്നുവെന്നും അതുകൊണ്ടാണ് ഇനി വോട്ട് ചോദിച്ച് പോകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞതെന്നും മുരളീധരൻ പറഞ്ഞു.
കണ്ണൂർ ജില്ലാ ആശുപത്രിയിലെ രോഗികളുടെ പ്രതിഷേധത്തിലും മന്ത്രി പ്രതികരിച്ചു. ഓരോ ദിവസവും പ്രതിഷേധത്തിന് ഓരോ കാരണങ്ങളാണ് ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും നാൾ ആശുപത്രിയിൽ മരുന്നില്ലെന്നായിരുന്നു ആരോപണം. മരുന്ന് എത്തിയതോടെ ചികിത്സാപ്പിഴവാണെന്നായി ആരോപണം. അതിൽ അന്വേഷണം നടത്തിയപ്പോൾ ആശുപത്രിയിൽ ജീവനക്കാരില്ലെന്ന മറ്റൊരു പരാതിയാണ് ഉയർന്നതെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിലെ ജീവനക്കാരുടെ ക്ഷാമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അത് പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും മുരളീധരൻ വ്യക്തമാക്കി. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെപ്പോലും മാറ്റിയിട്ടില്ല. പിണറായി സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവരാണ് അവരെല്ലാം. എല്ലാവരും നന്നായി ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിയമസഭയിൽ മറുപടി പറയാനുള്ള അവസരം വരാതിരിക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. “ആയുധം തന്റെ കയ്യിലുണ്ട്” എന്നും അദ്ദേഹം പറഞ്ഞു.
