തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള തന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ആർ ശ്രീലേഖ. എന്തുകൊണ്ടാണ് താൻ രാജിവെച്ചെന്ന വാർത്ത മാധ്യമങ്ങൾ മൂന്നും നാലും ദിവസം ആഘോഷിച്ചതെന്ന് വിശദീകരിക്കാനാണ് ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം ശാസ്തമംഗലം കൗൺസിലറാണ് ആർ ശ്രീലേഖ. സെപ്റ്റംബർ 30ന് സ്വകാര്യ കാരണങ്ങളാൽ കൗൺസിലർ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി മേയർ വി വി രാജേഷിന് കത്ത് നൽകിയിട്ടുണ്ടെന്ന് ശാസ്തമംഗലത്തെ ‘കൗൺസിലർ അറിയിപ്പ്’ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശ്രീലേഖ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഗ്രൂപ്പിൽ പങ്കുവച്ച രാജി സന്ദേശം പിൻവലിക്കുകയായിരുന്നു.
സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ശാരീരിക അസ്വസ്ഥതകളാണ് രാജി നീക്കത്തിന് പിന്നിലെന്നാണ് പിന്നീട് നേതാക്കൾ വിശദീകരിച്ചത്. പാർട്ടിയോടുള്ള അതൃപ്തിയല്ല, ആരോഗ്യപ്രശ്നങ്ങളാണ് ശ്രീലേഖ നേരിടുന്നതെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.
നിലവിൽ പ്രതിസന്ധി ഒഴിഞ്ഞെങ്കിലും രാജിക്കാര്യം വാർഡിലെ വോട്ടർമാരെ അറിയിക്കുകയും പിന്നീട് തീരുമാനം പിൻവലിക്കേണ്ടിവരികയും ചെയ്തതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ശ്രീലേഖ നേരിടേണ്ടിവരുമെന്ന വിലയിരുത്തലുണ്ട്. പദവിക്കായി വിലപേശിയെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
വെറും കൗൺസിലറായി നാല് വർഷത്തോളം ശ്രീലേഖ തുടരുമോ, അതോ അപ്രതീക്ഷിത നീക്കങ്ങൾ ഇനിയും ഉണ്ടാകുമോ എന്നതും ബിജെപിക്ക് മുന്നിലുള്ള ചോദ്യമാണ്. അതേസമയം, ‘എല്ലാം നാടകം, ജനം കാണുന്നുണ്ട്’ എന്ന പരിഹാസവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.
