കൊച്ചി: കളമശ്ശേരിയിലെ സ്പായിൽ ജോലി അഭിമുഖത്തിനായി എത്തിയ യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിർണായക നീക്കവുമായി പൊലീസ്. ആക്രമണത്തിനിരയായ യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. സംഭവത്തിൽ പൊലീസ് ഇന്നലെ രാത്രി യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ വിവരങ്ങൾ കൂടി യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ യുവതിയുടെ ശരീരത്തിൽ എത്തിയിട്ടുണ്ടെന്നും ലഹരിവസ്തുക്കൾ വെള്ളത്തിൽ കലർത്തി കുടിപ്പിച്ചെന്നുമാണ് ഭർത്താവിന്റെ ആരോപണം.
പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും തന്നെ കാണാൻ എത്തിയിരുന്നുവെന്നും ഭർത്താവ് പറഞ്ഞു. എന്നാൽ കേസിൽ നിന്ന് പിന്മാറില്ലെന്നും അന്വേഷണം നിയമപരമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പണം വാങ്ങി കേസിൽ നിന്ന് പിന്മാറിയെന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇനി ഒരാൾക്കും ഇത്തരം അവസ്ഥ ഉണ്ടാകരുതെന്നും ഭർത്താവ് പറഞ്ഞു.
ആക്രമണത്തിനിരയായ യുവതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രതികൾക്ക് ഗുണ്ടാ ബന്ധമുണ്ടോയെന്നും പരിശോധിക്കും. സ്പാ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് കർശനമാക്കുന്നതും പരിഗണനയിലുണ്ട്.
ഒക്ടോബർ രണ്ടിനാണ് കൊച്ചിയെ ഞെട്ടിച്ച സംഭവം നടന്നത്. പത്തടിപ്പാലത്തെ സ്പായിൽ മാനേജർ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിൽ പരസ്യം നൽകിയതിനെ തുടർന്നാണ് യുവതി അപേക്ഷിച്ചത്. ഒക്ടോബർ രണ്ടിന് അഭിമുഖത്തിനായി യുവതി സ്പായിലെത്തി. ജോലി ലഭിച്ചതായി പറഞ്ഞ് പ്രതികൾ പിന്നീട് വീണ്ടും യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു.
സ്പായിലെത്തിയ യുവതിയെ മറ്റൊരു യുവതി ഉൾപ്പെടെയുള്ള പ്രതികൾ ചേർന്ന് അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്. പിറ്റേ ദിവസമാണ് യുവതിക്ക് സ്പായിൽനിന്ന് പുറത്തിറങ്ങാനായത്. തുടർന്ന് ചികിത്സ തേടിയ യുവതി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കേസിൽ ഒന്നാം പ്രതി ശ്രീരാജിനെയും മൂന്നാം പ്രതി ജിത്ത് മാർട്ടിനെയും ആദ്യം അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന രണ്ടാം പ്രതി അമ്മു എന്ന ശരണ്യയെയും നാലാം പ്രതി ജിതിനെയും വയനാട്ടിലെ പുൽപ്പള്ളിയിൽ നിന്നാണ് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തത്. കേസിൽ ഇനി രണ്ട് പേരെയാണ് പിടികൂടാനുള്ളത്.
