Home Internationalപുതുതായി രൂപപ്പെട്ട തടാകം മൂന്ന് ദിവസത്തിനുള്ളിൽ തകർന്നേക്കാം; നേപ്പാളിന് ചൈനയുടെ മുന്നറിയിപ്പ്

പുതുതായി രൂപപ്പെട്ട തടാകം മൂന്ന് ദിവസത്തിനുള്ളിൽ തകർന്നേക്കാം; നേപ്പാളിന് ചൈനയുടെ മുന്നറിയിപ്പ്

by news_desk1
0 comments

ബെയ്ജിങ്: നേപ്പാളിൽ വീണ്ടും പ്രളയഭീതി ഉയർത്തി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചൻ ഖോള, പുരേപു സാങ്‌പോ നദികളുടെ സംഗമസ്ഥാനത്ത് പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തകരാൻ സാധ്യതയുണ്ടെന്നാണ് ചൈന മുന്നറിയിപ്പ് നൽകിയത്. ചൈന–നേപ്പാൾ അതിർത്തി മേഖലയിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ നൂറുകണക്കിന് ആളുകൾ മരിക്കുകയും ആയിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ്.

ഇന്ന് രാവിലെയോടെ തടാകത്തിൽ ഏകദേശം 20 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ശേഖരിക്കപ്പെട്ടതായും ഇതിനകം കരകവിഞ്ഞൊഴുകാൻ തുടങ്ങിയതായും ചൈനീസ് ജലവിഭവ മന്ത്രാലയം അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 30 ദശലക്ഷം ഘനമീറ്റർ വെള്ളം കൂടി തടാകത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് വിലയിരുത്തൽ. ഇതോടെ തടാകം ഏതുസമയത്തും തകരാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. തടാകത്തിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ചൈനീസ് ജലവിഭവ മന്ത്രാലയം വ്യക്തമാക്കി.

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 350 കടന്നു. പ്രളയത്തിൽ 285 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ അറിയിച്ചിരുന്നു. ഇതിൽ 33 പേർ മലയാളികളാണ്. പശ്ചിമ ബംഗാളിൽ നിന്നുള്ള 32 പേരെയും തമിഴ്നാട്ടിൽ നിന്നുള്ള 85 പേരെയും കുറിച്ചും വിവരമില്ല.

കാണാതായവരിൽ ഒരു സംഘം ത്രിശൂലി–1 വൈദ്യുത പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരാണ്. മറ്റൊരു സംഘം കൈലാസ് മാനസരോവർ തീർഥാടനത്തിനെത്തിയ തമിഴ്നാട്ടുകാരാണ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 61 പേരെയും കേരളത്തിൽ നിന്നുള്ള 33 പേരെയും ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 54 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായാണ് വിവരം.

നേപ്പാളിലെ രാസുവ, നുവാകോട്ട്, ധാഡിങ്, ഗോർഖ ജില്ലകളിലാണ് പ്രളയത്തിൽ വൻ നാശനഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെയാണ് ഭോട്ടേകോശി, ത്രിശൂലി നദികളിൽ വെള്ളപ്പൊക്കമുണ്ടായത്. ആശയവിനിമയ സംവിധാനങ്ങളെല്ലാം പൂർണമായും തകർന്ന നിലയിലാണ്.

അത്യാവശ്യ ഘട്ടങ്ങളിൽ 1234 എന്ന ടോൾ ഫ്രീ എമർജൻസി നമ്പറിലും 1144 എന്ന ഹോട്ട്‌ലൈൻ നമ്പറിലും 9851289445 എന്ന ടൂറിസം പൊലീസ് സഹായ നമ്പറിലും ബന്ധപ്പെടാമെന്ന് നേപ്പാൾ ടൂറിസം വകുപ്പ് അറിയിച്ചു.

You may also like