ഹവാന: അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സൈനിക കടന്നാക്രമണത്തിന് മുതിർന്നാൽ അത് വലിയ രക്തച്ചൊരിച്ചിലിനും ചോരപ്പുഴയ്ക്കും കാരണമാകുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ കടുത്ത മുന്നറിയിപ്പ് നൽകി. ക്യൂബ മുന്നൂറിലധികം സൈനിക ഡ്രോണുകൾ ശേഖരിച്ചെന്നും അവ ഉപയോഗിച്ച് ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവിക താവളം, യുഎസ് സൈനിക കപ്പലുകൾ, ഫ്ലോറിഡയിലെ കീ വെസ്റ്റ് എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായും പാശ്ചാത്യ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ക്യൂബയ്ക്ക് മേൽ സൈനിക ഇടപെടൽ നടത്താൻ ന്യായീകരണമുണ്ടാക്കാൻ അമേരിക്ക കെട്ടിച്ചമച്ച കള്ളക്കഥയാണിതെന്നും ക്യൂബ ആരോപിച്ചു.
ക്യൂബ ഒരു രാജ്യത്തിനും ഭീഷണിയല്ലെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയ പ്രസിഡന്റ് ഡിയാസ് കാനൽ, യുഎൻ ചാർട്ടർ അനുസരിച്ച് ഏതൊരു രാജ്യത്തെയും പോലെ സ്വയം പ്രതിരോധത്തിന് ക്യൂബയ്ക്കും പൂർണ്ണ അവകാശമുണ്ടെന്ന് ഓർമ്മിപ്പിച്ചു. ആക്രമിക്കാൻ ആഗ്രഹിക്കുന്നവർ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസും കുറ്റപ്പെടുത്തി. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. ഇതിനിടെ, 1996-ൽ രണ്ട് വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ മുൻ ക്യൂബൻ നേതാവ് റൗൾ കാസ്ട്രോയെ (94) പ്രതിയാക്കാൻ യുഎസ് പ്രോസിക്യൂട്ടർമാർ ഒരുങ്ങുന്നത് ക്യൂബയെ കൂടുതൽ സമ്മർദ്ദത്തിലാക്കാനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കടുത്ത ഉപരോധങ്ങൾ കാരണം പട്ടിണിയിലാണെങ്കിലും രാജ്യം കീഴടങ്ങില്ലെന്നും തങ്ങളെ ആക്രമിക്കാൻ വന്നാൽ ശക്തമായി നേരിടുമെന്നും ഹവാനയിലെ ജനങ്ങളും നിലപാടെടുത്തു.
അതിനിടെ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും എതിരെ അമേരിക്ക പുതിയ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ക്യൂബയുടെ പ്രധാന രഹസ്യാന്വേഷണ ഏജൻസിയായ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസിനെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ വൈസ് പ്രസിഡന്റുമായ റോബർട്ടോ ടോമസ് മൊറാലസ് ഒജെഡ, ക്യൂബൻ സൈന്യത്തിലെ ജനറലും വിപ്ലവ സായുധ സേനയുടെ ഉപമേധാവിയുമായ ജോക്വിൻ ക്വിന്റാസ് സോള, മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ റൗൾ വില്ലാർ കെസൽ എന്നിവർക്ക് പുറമെ, ക്യൂബൻ കമ്മ്യൂണിക്കേഷൻ മന്ത്രിയെയും മറ്റ് നിരവധി ഉദ്യോഗസ്ഥരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യൂബൻ ഭരണകൂടത്തെ സാമ്പത്തികമായി പൂർണ്ണമായി തളർത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം. വെനസ്വേലയിൽ നിന്നും മെക്സിക്കോയിൽ നിന്നും ക്യൂബയിലേക്ക് ഇന്ധനം എത്തുന്നത് തടയാൻ അമേരിക്ക കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് രാജ്യത്ത് വലിയ തോതിൽ വൈദ്യുതി തടസ്സത്തിനും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. ക്യൂബയുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന വിദേശ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടപടിയെടുക്കാൻ അധികാരം നൽകുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ് നേരത്തെ ഒപ്പുവെച്ചിരുന്നു. അമേരിക്കയുടേത് ക്രൂരമായ സാമ്പത്തിക കടന്നാക്രമണമാണെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. തങ്ങളുടെ സോഷ്യലിസ്റ്റ് ഭരണസംവിധാനത്തിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് ക്യൂബ ആവർത്തിച്ചു വ്യക്തമാക്കി. അമേരിക്കയുടെ നീക്കങ്ങളോടെ മേഖലയിൽ മറ്റൊരു യുദ്ധമുണ്ടാകുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്.

