Home Internationalഒരാഴ്ച കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ; വെനസ്വേല ഭൂചലനത്തിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരനെ ജീവനോടെ രക്ഷപ്പെടുത്തി

ഒരാഴ്ച കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ; വെനസ്വേല ഭൂചലനത്തിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരനെ ജീവനോടെ രക്ഷപ്പെടുത്തി

by news_desk1
0 comments

കാരക്കാസ്: വെനസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ തകർന്ന ഷോപ്പിങ് മാളിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരാഴ്ചയോളം കുടുങ്ങിക്കിടന്ന സുരക്ഷാ ജീവനക്കാരനെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. 44കാരനായ ഹെർനൻ ആൽബർട്ടോ ഗിൽ ഫ്‌ളോർസിനെയാണ് അതിസാഹസിക ദൗത്യത്തിനൊടുവിൽ രക്ഷപ്പെടുത്തിയത്.

ഗ്യാലറിയാസ് പ്ലായാ ഗ്രാൻഡേ ഷോപ്പിങ് സെന്ററിലെ ജീവനക്കാരനായിരുന്നു ഗിൽ. ലാ ഗ്വാര്യയിലെ വടക്കൻ മേഖലയിലുള്ള ഒമ്പത് നില ഷോപ്പിങ് മാളാണ് ഭൂചലനത്തിൽ തകർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഗില്ലിനെ എൽ സാൽവഡോറിലെയും ചിലിയിലെയും രക്ഷാപ്രവർത്തകരുടെ സംഘമാണ് പുറത്തെടുത്തത്.

തിങ്കളാഴ്ചയാണ് ഗില്ലിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം ആരംഭിച്ചത്. ട്യൂബിലൂടെ അദ്ദേഹത്തിന് വെള്ളം എത്തിച്ചുകൊണ്ടാണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോയത്. രണ്ട് പ്രത്യേക തുരങ്കങ്ങൾ കുഴിച്ചാണ് രക്ഷാപ്രവർത്തകർ അദ്ദേഹത്തെ പുറത്തെടുത്തത്. അതിസാഹസികമായ ദൗത്യമായിരുന്നുവെന്ന് എൽ സാൽവഡോർ പ്രസിഡന്റ് നയ്യിബ് ബൂക്കെ അറിയിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് ഗില്ലിനെ സുരക്ഷിതമായി പുറത്തെടുത്തത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

ഭൂചലനം ഉണ്ടായ സമയത്ത് ഗിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുകയായിരുന്നു. തന്റെ ചെറിയ ക്യാബിനിനുള്ളിലായിരുന്ന അദ്ദേഹത്തെ കെട്ടിടം തകർന്നുവീണിട്ടും ക്യാബിൻ സംരക്ഷിക്കുകയായിരുന്നു. ക്യാബിനിലേക്ക് വായു ലഭിച്ചിരുന്നതും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സഹായകമായി.

രക്ഷാപ്രവർത്തകർ തന്നെ കണ്ടെത്തിയതിന് പിന്നാലെ ഭാര്യയെ താൻ ജീവനോടെയുണ്ടെന്ന് അറിയിക്കണമെന്നായിരുന്നു ഗില്ലിന്റെ ആദ്യ അഭ്യർഥന. ജീവനോടെ പുറത്തുവരാനാകില്ലെന്ന ആശങ്കയിലായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്തരമൊരു അഭ്യർഥന നടത്തിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

You may also like