തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ പ്രധാന കവാടങ്ങളിലൊന്നായ നോർത്ത് ഗേറ്റ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനങ്ങൾക്കായി തുറന്നു കൊടുത്തു. യുഡിഎഫ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് വർഷങ്ങളായി അടച്ചിട്ടിരുന്ന ഈ ഗേറ്റ് ആവേശപൂർവ്വം തുറന്നത്. ഇത്രയും കാലം ഗേറ്റിന് മുന്നിൽ പോലീസ് സ്ഥാപിച്ചിരുന്ന കൂറ്റൻ ഇരുമ്പ് ബാരിക്കേഡുകൾ പ്രവർത്തകർ ചേർന്ന് ഒരു വശത്തേക്ക് പൂർണ്ണമായി നീക്കുകയായിരുന്നു. പൊതുജനങ്ങൾക്കും സമരക്കാർക്കും ഏറെ പരിചിതമായതിനാൽ ‘സമര കവാടം’ എന്നാണ് ഈ നോർത്ത് ഗേറ്റ് അറിയപ്പെടുന്നത്.
വർഷങ്ങൾക്ക് മുൻപ് അടച്ച ഈ ഗേറ്റ് ഒന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കുറച്ചുനാൾ തുറന്നിട്ടിരുന്നെങ്കിലും പിന്നീട് സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ച് സ്ഥിരമായി അടയ്ക്കുകയായിരുന്നു. എന്നാൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകൾ ചേർന്ന് കവാടം വീണ്ടും തുറന്നത്.
കേരള ജനതയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചു എന്നതിന്റെ തെളിവാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയെന്നും സെക്രട്ടേറിയറ്റിന്റെ കവാടങ്ങൾ കൊട്ടിയടച്ച് അതിനെ ഒരു ‘രാവണൻ കോട്ട’യാക്കി മാറ്റിയ മുൻ ഭരണാധികാരികളുടെ നടപടിയിൽ നിന്നുള്ള മോചനമാണ് ഇതിലൂടെ പ്രഖ്യാപിക്കുന്നതെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. പൊതുജനങ്ങളും പരാതിക്കാരുമായ സാധാരണക്കാർ അധികാരികളുടെ അടുത്തെത്തുന്നത് തടയണമെന്ന ദുരുദ്ദേശത്തോടെയായിരുന്നു മുൻപ് ബാരിക്കേഡുകൾ വെച്ചിരുന്നത്. എന്നാൽ പുതിയ യുഡിഎഫ് സർക്കാർ അങ്ങനെയായിരിക്കില്ലെന്നും ജനങ്ങളെ ഒരുമിച്ച് നിർത്തി, അവരുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം കേൾക്കാൻ തയ്യാറുള്ള ഭരണകൂടമാണ് ഇപ്പോഴുള്ളതെന്നും നേതാക്കൾ വ്യക്തമാക്കി. ഇനിമുതൽ എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് ശേഷം ഈ ഗേറ്റിലൂടെയുള്ള പ്രവേശനം അനുവദിക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.

