Home Sportsകാനറിക്കൂട്ടത്തെ നയിക്കാൻ ‘സുൽത്താൻ’ എത്തും; ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു, നെയ്മർ മടങ്ങിയെത്തി

കാനറിക്കൂട്ടത്തെ നയിക്കാൻ ‘സുൽത്താൻ’ എത്തും; ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു, നെയ്മർ മടങ്ങിയെത്തി

by news_desk
0 comments

ബ്രസീലിയ: അമേരിക്കൻ ലോകകപ്പിൽ ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. കാനറിക്കൂട്ടത്തിന്റെ മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങളിലെ പ്രധാന തുറുപ്പുചീട്ടായി സൂപ്പർ താരം നെയ്മർ ജൂനിയർ ടീമിൽ മടങ്ങിയെത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയം. നെയ്മർക്കൊപ്പം വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, അലിസൺ തുടങ്ങിയ മുൻനിര താരങ്ങളെയെല്ലാം ഉൾപ്പെടുത്തി ശക്തമായ 26 അംഗ സ്‌ക്വാഡാണ് ബ്രസീൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്രസീലിന്റെ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ ജൂനിയറുടെ നാലാം ലോകകപ്പാണിത്. മുൻപ് 2014, 2018, 2022 ലോകകപ്പുകളിലായി 13 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ താരം നേടിയിട്ടുണ്ട്. കരിയറിൽ വിടാതെ പിന്തുടർന്ന പരുക്കുകൾ കാരണം നീണ്ട രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെയ്മർ വീണ്ടും മഞ്ഞക്കുപ്പായത്തിലേക്ക് തിരിച്ചെത്തുന്നത്. നെയ്മറിന് പുറമെ വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, മത്തിയാസ് കുഞ്ഞ്യ, ഗബ്രിയേൽ മാർട്ടിനെല്ലി, യുവതാരം എൻട്രിക് എന്നിവരടങ്ങുന്ന അതിശക്തമായ മുന്നേറ്റനിരയാണ് ഇത്തവണ ബ്രസീലിനുള്ളത്.

മധ്യനിരയിൽ പരിചയസമ്പന്നരായ ബ്രൂണോ ഗുമറെസ്, കാസമീറോ, ലുക്കാസ് പക്വേറ്റ, ഫാബിഞ്ഞോ എന്നിവർ അണിനിരക്കുമ്പോൾ പ്രതിരോധക്കോട്ട കാക്കാൻ മാർക്കീഞ്ഞോസ്, ബ്രമർ, അലക്‌സ് സാൻഡ്രോ എന്നിവരുണ്ടാകും. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരായ അലിസൺ ബെക്കർ, എഡേഴ്സൺ എന്നിവർക്കൊപ്പം വീവർട്ടനും ഗോൾവലയ്ക്ക് മുന്നിലുണ്ടാകും. 2002-ന് ശേഷം ആദ്യമായി ലോകകിരീടം ലാറ്റിനമേരിക്കയിൽ എത്തിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ബ്രസീൽ പടയൊരുങ്ങുന്നത്. അതേസമയം, നെയ്മറെ ടീമിലേക്ക് പരിഗണിച്ചപ്പോൾ ചെൽസി താരം യാവോ പെഡ്രോയ്ക്ക് ടീമിൽ ഇടം നഷ്ടമായി. മുൻ നായകൻ തിയാഗോ സിൽവ, റിച്ചാർലിസൺ, ആന്റണി എന്നിവരെയും ഇത്തവണ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ജൂൺ 14-ന് മൊറോക്കോയ്‌ക്കെതിരെയാണ് ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ പോരാട്ടം.

You may also like