Home Keralaജയിൽ മോചിതനായ ആർ. സുഗതന് ബിജെപിയുടെ വൻ സ്വീകരണം; ‘രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര’

ജയിൽ മോചിതനായ ആർ. സുഗതന് ബിജെപിയുടെ വൻ സ്വീകരണം; ‘രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര’

by news_desk1
0 comments

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിൽ മോചിതനായ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന് ബിജെപിയുടെ വൻ സ്വീകരണം. പ്രധാനമന്ത്രി ഓൺലൈനായി പങ്കെടുത്ത ‘വികസിത ഭാരത സഭ’ പരിപാടിയിൽ എത്തിയ സുഗതനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ടെത്തി സ്വീകരിച്ചു. പാർട്ടി കൗൺസിലർക്കായി മുൻനിരയിൽ തന്നെ ഇരിപ്പിടവും ഒരുക്കിയിരുന്നു.

രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് സുഗതനെന്നാണ് ബിജെപിയുടെ ആരോപണം. കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ച സുഗതന്റെ തടങ്കൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് ഇന്നലെയാണ് അദ്ദേഹം ജയിൽ മോചിതനായത്. സുഗതനെ ജയിലിൽ അടച്ചത് പൊലീസ് നടത്തിയ നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

അതേസമയം, ഹാജർ ബുക്കിലെ ഒപ്പ് വ്യാജമാണെന്ന പരാതിയിൽ കേസെടുത്തതിനെതിരെ സുഗതൻ പ്രതികരിച്ചു. ഹാജർ ബുക്കിൽ ഒപ്പിട്ടത് താൻ തന്നെയാണെന്നും ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിലെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിലെ ഒപ്പ് വ്യാജമാണെന്ന എൽഡിഎഫ് പരാതിയിലാണ് മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. ഒപ്പിന്റെ ആധികാരികത പരിശോധിക്കുന്നതിനായി ഫോറൻസിക് പരിശോധന നടത്താനാണ് പൊലീസ് നീക്കം.

ഇതിനിടെ, രാജി സന്നദ്ധതയിൽ നിന്ന് ആർ. ശ്രീലേഖ പിന്മാറിയതിന് പിന്നാലെ സുഗതൻ ജയിൽ മോചിതനായതോടെ തിരുവനന്തപുരം നഗരസഭയിലെ ഭരണപ്രതിസന്ധി നീങ്ങുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

സുഗതന്റെ കരുതൽ തടങ്കൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആയുധമാക്കുന്നതിനൊപ്പം വ്യാജ ഒപ്പ് കേസും നേരിടാനുള്ള നീക്കത്തിലാണ് ബിജെപി.

You may also like