Home National‘13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി’; എസ്‌ഐആറിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്

‘13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി’; എസ്‌ഐആറിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്

by news_desk1
0 comments

ന്യൂഡൽഹി: എസ്‌ഐആർ പരിഷ്കരണത്തിന്റെ പേരിൽ രാജ്യത്തെ ജനാധിപത്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അട്ടിമറിച്ചുവെന്ന് നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ബിഹാറിലും ബംഗാളിലും ഉൾപ്പെടെ രാജ്യത്തുടനീളം ഏകദേശം 13 കോടി പേരെയാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയതെന്നും യഥാർഥ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും സർക്കാരുകളുടെ വിധി നിർണയിക്കാനും കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളുടെ സംശയങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ സാഹചര്യമെന്നും പ്രകാശ് രാജ് പറഞ്ഞു. ദളിതർ, ആദിവാസികൾ, തൊഴിലാളികൾ, കർഷകർ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ഇടതുപക്ഷ പ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങളാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ പ്രധാന വിഭാഗങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് വെറുമൊരു കണക്കല്ലെന്നും രാജ്യത്തെ പൗരന്മാരാണെന്നും പ്രകാശ് രാജ് പറഞ്ഞു. അഞ്ച് വർഷത്തിലൊരിക്കൽ സ്വന്തം വോട്ടിനായി പൗരന്മാർ യാചിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയതിന് പിന്നിലെ അധികാരത്തെയും അദ്ദേഹം ചോദ്യം ചെയ്തു. വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ലെന്നും മോഷണം നടന്നശേഷം വീടിന്റെ അടിത്തറ പരിശോധിക്കുന്നതുപോലുള്ള സമീപനമാണ് കമ്മീഷൻ സ്വീകരിക്കുന്നതെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.

നിലവിൽ ബിജെപി മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യവിരുദ്ധമായ എസ്‌ഐആർ ഉടൻ പിൻവലിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.

You may also like