കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് ഇപ്പോൾ മുൻഗണനയില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആരോഗ്യരംഗത്ത് കേരളം മുന്നിലാണെന്നത് എയിംസ് അനുവദിക്കാതിരിക്കാനുള്ള കാരണമാണോയെന്ന് കോടതി ചോദിച്ചു. ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും കോടതി ചൂണ്ടിക്കാട്ടി.
കാസർഗോഡ് എയിംസ് ജനകീയ കൂട്ടായ്മ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യം എയിംസ് സ്ഥാപിക്കുന്നതിന് പരിഗണന നൽകുന്നതെന്നും കേരളം ആരോഗ്യരംഗത്ത് മികച്ച നിലയിലായതിനാൽ മറ്റ് സംസ്ഥാനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ മുമ്പ് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് മുൻഗണനയെന്ന നിലപാട് കേന്ദ്രം അറിയിച്ചത്.
എന്നാൽ കേരളം എയിംസ് അർഹിക്കുന്ന സംസ്ഥാനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാവർക്കും മികച്ച സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ കഴിയില്ലെന്നും കേരളത്തിൽ എയിംസ് അനിവാര്യമാണെന്നും കോടതി പറഞ്ഞു.
ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയല്ലെന്നും കോടതി വ്യക്തമാക്കി. ആരോഗ്യരംഗത്ത് മുന്നിലുള്ള ഡൽഹിയിൽ എങ്ങനെയാണ് എയിംസ് സ്ഥാപിച്ചതെന്നും കോടതി ചോദിച്ചു.
