Home Kerala‘എപി വിഭാഗത്തെ കരുതിക്കൂട്ടി ഒഴിവാക്കിയതല്ല’; വഖഫ് ബോർഡ് പ്രാതിനിധ്യ വിവാദത്തിൽ പരിഹാരസൂചനയുമായി കുഞ്ഞാലിക്കുട്ടി

‘എപി വിഭാഗത്തെ കരുതിക്കൂട്ടി ഒഴിവാക്കിയതല്ല’; വഖഫ് ബോർഡ് പ്രാതിനിധ്യ വിവാദത്തിൽ പരിഹാരസൂചനയുമായി കുഞ്ഞാലിക്കുട്ടി

by news_desk1
0 comments

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ എപി വിഭാഗത്തിന് പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതി ന്യായമാണെന്നും വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. എപി വിഭാഗത്തെ കരുതിക്കൂട്ടി ഒഴിവാക്കിയതല്ലെന്നും ബോർഡുകളുടെ പുനഃസംഘടനയിൽ നിരവധി പരിമിതികളുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാതിനിധ്യം നൽകാൻ വഴിയുണ്ടെങ്കിൽ അതിനുള്ള ശ്രമം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വഖഫ് ബോർഡ് പുനഃസംഘടനയിൽ എപി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർ ഉന്നയിക്കുന്ന ആവശ്യം ന്യായമാണ്. ഇക്കാര്യം ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

വഖഫ് ബോർഡിൽ കേന്ദ്രസർക്കാർ പരിഷ്കാരങ്ങൾ കൊണ്ടുവന്നതോടെ പുനഃസംഘടനയിൽ ചില പരിമിതികൾ നേരിട്ടു. എല്ലാ സംഘടനകൾക്കും എല്ലാ ബോർഡുകളിലും ഒരേസമയം പ്രാതിനിധ്യം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹജ്ജ് കമ്മിറ്റി, മദ്രസ ക്ഷേമനിധി ബോർഡ് എന്നിവയുടെ പുനഃസംഘടനയും വരാനുണ്ട്. ഈ ബോർഡുകൾ രൂപീകരിക്കുമ്പോൾ എല്ലാവർക്കും പ്രാതിനിധ്യം ഉറപ്പാക്കാമെന്നായിരുന്നു കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.

എപി വിഭാഗത്തെ ഉൾപ്പെടുത്താൻ എന്തെങ്കിലും മാർഗമുണ്ടോയെന്ന് പരിശോധിക്കും. അവർക്ക് പ്രാതിനിധ്യം നൽകേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ലെന്നും എല്ലാ വിഷയങ്ങളും ചർച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, തിങ്കളാഴ്ച സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്‌ലിം സമുദായ സംഘടനകളുടെ യോഗം പ്രത്യേക വിഷയമോ പ്രാദേശിക പ്രശ്നങ്ങളോ ചർച്ച ചെയ്യാനായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എപി വിഭാഗം യോഗം ബഹിഷ്കരിച്ചെന്ന പ്രചാരണം മാധ്യമങ്ങളുടേതാണെന്നും യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

You may also like