കൊച്ചി: കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞു. ആനയുടെ പോസ്റ്റുമോർട്ടം നടപടികൾ നാളെ രാവിലെ നടക്കും. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ നിരന്തരം ഇറങ്ങി നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെയാണ് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ഉൾക്കാട്ടിലേക്ക് വിട്ടത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരമാണ് രണ്ട് ദിവസം മുമ്പ് റേഡിയോ കോളർ ഘടിപ്പിച്ചത്. ആനയുടെ വായിൽ പരിക്കുകൾ ഉണ്ടായിരുന്നതായും ഉൾക്കാട്ടിൽ മറ്റ് കാട്ടാനകളുമായി ഉണ്ടായ സംഘർഷത്തിൽ ശരീരത്തിലും പരിക്കേറ്റിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.
റേഡിയോ കോളർ ഘടിപ്പിച്ച് ദിവസങ്ങൾക്കകം ആന ചരിഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു.

