പാലക്കാട്: കൊലപാതക ശ്രമക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ് ഷോർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സി. രാകേഷിനെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാക്കിയത്.
2025 ഒക്ടോബർ 8ന് പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റി അംഗം വിനേഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് രാകേഷ്.
രാകേഷിനെ ഫേസ്ബുക്കിൽ വിമർശിച്ച് കമന്റ് ചെയ്തതിനെ തുടർന്നാണ് വിനേഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് കേസ്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് കോമയിലാവുകയും മാസങ്ങളോളം ചികിത്സയിൽ തുടരുകയും ചെയ്തിരുന്നു.
കൊലപാതക ശ്രമക്കേസിലെ പ്രതിയെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്ത നടപടി രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

