തൃശ്ശൂർ: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി തൃശ്ശൂർ സിറ്റി ഡാൻസാഫ് (DANSAF) സംഘം. നഗരത്തിൽ നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരടങ്ങുന്ന ലഹരിക്കടത്ത് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 323 ഗ്രാം എം.ഡി.എം.എ (MDMA) ആണ് പിടികൂടിയത്. ഗുരുവായൂർ, പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. പിടിയിലായ സ്ത്രീകളിൽ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലും മയക്കുമരുന്ന് കണ്ടെടുത്തു.
ഡാൻസാഫ് സംഘത്തിന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പീച്ചി വാണിയംപാറയിൽ വെച്ച് നടത്തിയ വാഹന പരിശോധനയാണ് ഈ വൻ ലഹരിവേട്ടയ്ക്ക് വഴിവെച്ചത്. ഇവിടെ വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ സംഘത്തെ പരിശോധിച്ചപ്പോഴാണ് സ്ത്രീകളിൽ ഒരാളുടെ രഹസ്യഭാഗത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം മയക്കുമരുന്ന് ആദ്യം കണ്ടെടുത്തത്. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി.
ഇവരിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘത്തിലുണ്ടായിരുന്ന ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ ഡാൻസാഫ് സംഘം മിന്നൽ പരിശോധന നടത്തി. ഇവിടെ നിന്നും 20 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തു. ചോദ്യം ചെയ്യൽ തുടർന്നതോടെ പ്രതികൾ ഗുരുവായൂർ പഞ്ചാരമുക്കിലുള്ള ഒരു അലുമിനിയം ഫാബ്രിക്കേഷൻ കടയെക്കുറിച്ച് വെളിപ്പെടുത്തി. ഈ കടയിൽ നടത്തിയ വ്യാപകമായ പരിശോധനയിലാണ് ലഹരിസംഘം സൂക്ഷിച്ചിരുന്ന 300 ഗ്രാം എം.ഡി.എം.എ കൂടി പോലീസ് കണ്ടെടുത്തത്. പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഈ ശൃംഖലയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ചും ഡാൻസാഫും പ്രാദേശിക പോലീസും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

