Home Top Storiesഎതിർപ്പുകൾ അവഗണിച്ച് നീക്കം; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിക്കുറവ് ധനബില്ലിൽ, സർക്കാർ മുന്നോട്ട്

എതിർപ്പുകൾ അവഗണിച്ച് നീക്കം; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിക്കുറവ് ധനബില്ലിൽ, സർക്കാർ മുന്നോട്ട്

by news_desk1
0 comments

തിരുവനന്തപുരം: വിവാദങ്ങളും വ്യാപക എതിർപ്പുകളും നിലനിൽക്കുന്നതിനിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്ന നിർദേശം സംസ്ഥാന സർക്കാർ ധനബില്ലിൽ ഉൾപ്പെടുത്തി. 250 ശതമാനമായിരുന്ന നികുതി 120 ശതമാനമാക്കി കുറയ്ക്കുന്ന വ്യവസ്ഥയാണ് ധനബില്ലിന്റെ കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ബിൽ ജൂലൈ 1-ന് നിയമസഭയിൽ അവതരിപ്പിക്കും.

ധനബില്ലിൽ നികുതി നിർദേശം ഉൾപ്പെടുത്തരുതെന്ന് വിവിധ നേതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അവഗണിച്ചാണ് സർക്കാർ നടപടികളുമായി മുന്നോട്ട് പോകുന്നത്.

0.5 മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും, 10 മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 175 ശതമാനവും നികുതി ഈടാക്കുമെന്ന പ്രഖ്യാപനമാണ് ബജറ്റിൽ ഉണ്ടായിരുന്നത്. 2022-23 അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യവിൽപ്പന അനുവദിച്ചിരുന്നെങ്കിലും പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. ഇതുമൂലം ഉയർന്ന നികുതി ബാധകമായതിനാൽ കമ്പനികൾ ഇത്തരം ഉൽപ്പന്നങ്ങൾ കേരളത്തിൽ വിപണിയിലെത്തിച്ചിരുന്നില്ല.

വിഷയത്തിൽ സർക്കാർ കടുത്ത വിമർശനം നേരിട്ടിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് സംസ്ഥാനത്ത് മദ്യവ്യാപനം വർധിപ്പിക്കാനാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നിൽ കർണാടക മദ്യലോബിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നികുതിയിളവുമായി ബന്ധപ്പെട്ട ഫയൽ 2023-ൽ ആരംഭിച്ചതാണെങ്കിലും പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം അതിവേഗത്തിലാണ് നടപടികൾ പൂർത്തിയായതെന്ന വിവരങ്ങളും പുറത്തുവന്നു. ഫയൽ നീക്കവുമായി ബന്ധപ്പെട്ട രേഖകൾ സർക്കാരിനെതിരെ കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കി.

ഇതിനിടെ, തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് എത്തിയ കള്ളപ്പണത്തിനുള്ള പ്രത്യുപകാരമായാണ് നികുതിക്കുറവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തി. വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായില്ലെന്നും, തന്റെ പ്രസംഗം സഭാരേഖകളിൽ നിന്നും സഭാ ടി.വിയിൽ നിന്നും നീക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

You may also like