Home Keralaഅഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാർ; സർക്കാർ ഉത്തരവിറങ്ങി

അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാർ; സർക്കാർ ഉത്തരവിറങ്ങി

by news_desk1
0 comments

തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ പുതിയ ജില്ലാ മെഡിക്കൽ ഓഫീസർമാരെ (ഡിഎംഒ) നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ഡോ. എൽ. ടി. സരിതകുമാരിയെ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറായും, ഡോ. വിവേക് കുമാർ ആറിനെ കണ്ണൂർ ഡിഎംഒയായും, ഡോ. രേഖ കെ. ടിയെ കാസർകോട് ഡിഎംഒയായും, ഡോ. വിനോദ് വിയെ മലപ്പുറം ഡിഎംഒയായും, ഡോ. ഐപ്പ് ജോസഫിനെ ഇടുക്കി ഡിഎംഒയായും നിയമിച്ചു.

ഷിഗെല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലും ഡിഎംഒ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്.

ഡിഎംഒ നിയമനം വൈകാൻ രാഷ്ട്രീയ ചരടുവലിയാണ് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിൽ നിയമനവുമായി ബന്ധപ്പെട്ട് അഭിപ്രായഭിന്നതകൾ നിലനിന്നതിനെ തുടർന്ന് അഡീഷണൽ ഡിഎംഒമാരാണ് ചുമതല വഹിച്ചിരുന്നത്.

ആരോഗ്യ മേഖലയിലെ നിയമനങ്ങളിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചിരുന്നു. പകർച്ചവ്യാധികളുടെ കാലത്ത് ഡിഎംഒമാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

You may also like