കൊച്ചി: പിറവം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയുടെയും രണ്ട് വയസുകാരനായ മകന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതിന് പിന്നാലെ ഭർത്താവ് നാരായണന്റെയും മൃതദേഹം കണ്ടെത്തി. പായിപ്ര സ്വദേശിനി വിജിയും രണ്ടര വയസുള്ള ആൺകുഞ്ഞുമാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്. ഇന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൂവാറ്റുപുഴയാറിൽ നിന്ന് നാരായണന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിലെ മൂത്തമകൾക്കായി തെരച്ചിൽ തുടരുകയാണ്.
മരണത്തിന് മുമ്പ് വിജിയും നാരായണനും രണ്ട് മക്കളും ചേർന്ന് പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ഇന്നലെയാണ് വിജിയുടെയും രണ്ടര വയസുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ മൂവാറ്റുപുഴയാറിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് ഭർത്താവിനെയും മൂത്തമകളെയും കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. വിജിയുടെ മാതാപിതാക്കളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് നാല് പേരും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമാക്കിയത്. സംഭവത്തിൽ ആത്മഹത്യയാണോ എന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടാം ക്ലാസുകാരിയായ മൂത്തമകൾക്കായി തെരച്ചിൽ തുടരുകയാണ്.
വളരെ ദരിദ്രമായ കുടുംബപശ്ചാത്തലമായിരുന്നു ഇവരുടേത്. കോതമംഗലത്താണ് ഇവർ താമസിച്ചിരുന്നത്. ആരാധനാലയങ്ങളിൽ എത്തുന്നവരോട് സഹായം അഭ്യർഥിച്ചാണ് കുടുംബം ഉപജീവനം കണ്ടെത്തിയിരുന്നത്. വിജി കാഴ്ചപരിമിതിയുള്ളയാളാണ്.
വാടക നൽകാൻ കഴിയാതെ താമസിച്ചിരുന്ന വീട്ടിൽ നിന്ന് മാറേണ്ടി വന്നതിനെ തുടർന്ന് ഇവർ കോതമംഗലം പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇവർക്കായി പുതിയ താമസസ്ഥലം കണ്ടെത്തി നൽകിയിരുന്നു. ഈ ആഴ്ച പുതിയ വീട്ടിലേക്ക് മാറാനിരിക്കെയാണ് ദാരുണ സംഭവം ഉണ്ടായത്.

