Home Keralaശബരിമല വിഷയങ്ങളിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത്; അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപക സമരമെന്ന് രാജീവ് ചന്ദ്രശേഖർ

ശബരിമല വിഷയങ്ങളിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത്; അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപക സമരമെന്ന് രാജീവ് ചന്ദ്രശേഖർ

by news_desk1
0 comments

തിരുവനന്തപുരം: ശബരിമല വിഷയങ്ങളിൽ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം. ശബരിമല സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും, ശബരിമല സ്ത്രീപ്രവേശന സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കത്ത് നൽകി.

ശബരിമലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭക്തജനങ്ങളുടെ വിശ്വാസത്തിനും ആചാരങ്ങൾക്കും നേരെ തുടർച്ചയായി കടന്നുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, 2018-ൽ ആരംഭിച്ച സംഭവവികാസങ്ങൾ ഭക്തസമൂഹത്തിൽ വലിയ വേദന സൃഷ്ടിച്ചിരുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും സത്യം പുറത്തുകൊണ്ടുവരുന്നതിനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനുമായി സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്യണമെന്നും, ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയായി അധികാരമേറ്റ സാഹചര്യത്തിൽ ഈ വിഷയങ്ങളിൽ നീതിയുക്തവും സമയബന്ധിതവും നിർണായകവുമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും, ഈ രണ്ട് ആവശ്യങ്ങളിലും അടിയന്തര നടപടി സ്വീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അയ്യപ്പഭക്തരുടെ അവകാശങ്ങളും വിശ്വാസവും സംരക്ഷിക്കുന്നതിനായി സംസ്ഥാനവ്യാപകമായി സമാധാനപരമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You may also like