തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായകമായ നിയമസഭാ കക്ഷി യോഗത്തിൽ കെ.സി. വേണുഗോപാലിന് വൻ മുൻതൂക്കം. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽ നടന്ന വ്യക്തിഗത കൂടിക്കാഴ്ചയിൽ 46 എംഎൽഎമാർ കെ.സി. വേണുഗോപാലിനെ പിന്തുണച്ചു. രമേശ് ചെന്നിത്തലയെ എട്ട് പേരും വി.ഡി. സതീശനെ ആറ് പേരും മാത്രമാണ് പിന്തുണച്ചത്. മൂന്ന് എംഎൽഎമാർ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് അറിയിച്ചു.
ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ ഉറപ്പായതോടെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകർക്ക് കത്ത് നൽകിയത് സതീശൻ ക്യാമ്പിന് വലിയ തിരിച്ചടിയായി. എ ഗ്രൂപ്പിലെ ഒരു വലിയ വിഭാഗം വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ചതും ചർച്ചകളിൽ നിർണ്ണായകമായി. അതേസമയം, നിരീക്ഷകർ ഇന്ന് വൈകീട്ട് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വി.ഡി. സതീശനുള്ള പൂർണ്ണ പിന്തുണ മുസ്ലിം ലീഗ് നേതൃത്വം അറിയിക്കുമെന്നാണ് സൂചന.
നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരം എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഏകകണ്ഠമായ പ്രമേയം യോഗം പാസാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വി.ഡി. സതീശൻ പിന്താങ്ങി. കേന്ദ്ര നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചർച്ച നടത്തി ഞായറാഴ്ചയോടെ പുതിയ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. നിയമസഭയിൽ വലിയ ഭൂരിപക്ഷം നേടിയ കോൺഗ്രസിനുള്ളിൽ സാരഥിയെ ചൊല്ലിയുള്ള തർക്കങ്ങൾ ഇതോടെ കെ.സി. വേണുഗോപാലിന് അനുകൂലമായി ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്.

