ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങി റെനോ. ഡസ്റ്റർ ഹൈബ്രിഡ്, 7 സീറ്റർ ഡസ്റ്റർ, ബ്രിഡ്ജർ സബ്-4 മീറ്റർ എസ്‌യുവി, ബോറിയൽ എന്നീ നാല് പുതിയ മോഡലുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. വിവിധ സെഗ്മെന്റുകളിലായി പുതിയ മോഡലുകൾ അവതരിപ്പിച്ച് വിപണി വിഹിതം വർധിപ്പിക്കാനാണ് റെനോ ലക്ഷ്യമിടുന്നത്.
2027ൽ എത്തും റെനോ ബ്രിഡ്ജർ
സബ്-4 മീറ്റർ എസ്‌യുവിയായ റെനോ ബ്രിഡ്ജർ 2027ൽ ഇന്ത്യൻ വിപണിയിലെത്തും. പെട്രോൾ, സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് തുടങ്ങിയ വിവിധ പവർട്രെയിൻ ഓപ്ഷനുകളോടെയായിരിക്കും വാഹനം എത്തുക. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ടർബോ പെട്രോൾ എഞ്ചിനുകളാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് പതിപ്പിൽ 35 kWh, 55 kWh ബാറ്ററി പായ്ക്കുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
ഡസ്റ്റർ ഹൈബ്രിഡ് ദീപാവലിക്കാലത്ത്
2026 ദീപാവലിക്കാലത്ത് ഡസ്റ്റർ ഹൈബ്രിഡ് അവതരിപ്പിക്കുമെന്ന് റെനോ സ്ഥിരീകരിച്ചു. 1.8 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും അടങ്ങിയ ഹൈബ്രിഡ് സംവിധാനമായിരിക്കും വാഹനത്തിന് കരുത്താകുക. 160 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും ഈ മോഡൽ ഉൽപ്പാദിപ്പിക്കുമെന്നാണ് വിവരം.
7 സീറ്റർ ഡസ്റ്ററും എത്തും
ഡസ്റ്ററിന്റെ 7 സീറ്റർ പതിപ്പും റെനോ ഇന്ത്യ അവതരിപ്പിക്കും. ഡാസിയ ബിഗ്‌സ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപകൽപ്പനയായിരിക്കും വാഹനത്തിനുള്ളത്. 5 സീറ്റർ ഡസ്റ്ററിന്റെ പ്ലാറ്റ്‌ഫോവും എഞ്ചിൻ സംവിധാനവും തന്നെയായിരിക്കും ഇതിലും ഉപയോഗിക്കുക. പുതിയ പേരിലായിരിക്കും മൂന്ന് നിര ഡസ്റ്റർ വിപണിയിലെത്തുക എന്ന സൂചനയും ഉണ്ട്.
ബോറിയലുമായി പ്രീമിയം സെഗ്മെന്റിലേക്ക്
ടാറ്റ സഫാരി, ഹ്യുണ്ടായി അൽകാസർ, മഹീന്ദ്ര XUV 7XO തുടങ്ങിയ മോഡലുകൾക്ക് എതിരാളിയായി റെനോ ബോറിയൽ എത്തും. 1.3 ലിറ്റർ ടർബോ പെട്രോൾ, 1.8 ലിറ്റർ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പനോരമിക് സൺറൂഫ്, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പ്രീമിയം ഓഡിയോ സിസ്റ്റം, ലെവൽ-2 എഡിഎഎസ് അടക്കമുള്ള ആധുനിക സവിശേഷതകളോടെയായിരിക്കും ബോറിയൽ എത്തുക.
ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ ബോറിയൽ ആഗോളതലത്തിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

