Home Education/Careerസി-ഡാക്കിൽ 844 ഒഴിവുകൾ; ഫ്രഷേഴ്‌സിനും അവസരം, കേരളത്തിലും നിയമനം, ഒക്ടോബർ 26 വരെ അപേക്ഷിക്കാം

സി-ഡാക്കിൽ 844 ഒഴിവുകൾ; ഫ്രഷേഴ്‌സിനും അവസരം, കേരളത്തിലും നിയമനം, ഒക്ടോബർ 26 വരെ അപേക്ഷിക്കാം

by news_desk1
0 comments

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്കിൽ) വിവിധ തസ്തികകളിലായി 844 ഒഴിവുകൾ. കേരളം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലാണ് നിയമനം. പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എൻജിനീയർ, സീനിയർ പ്രോജക്ട് എൻജിനീയർ, പ്രോജക്ട് ലീഡ്, മോഡ്യൂൾ ലീഡ്, പ്രോജക്ട് മാനേജർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 26.

തസ്തികകൾ

ഫുൾ സ്റ്റാക്ക്, വെബ്, മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, സൈബർ ഫോറൻസിക്, വിഎൽഎസ്ഐ, എംബഡഡ് സിസ്റ്റംസ്, ഹാർഡ്‌വെയർ ഡിസൈൻ, ക്വാണ്ടം കംപ്യൂട്ടിങ്, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ക്ലൗഡ് ഓപ്പറേഷൻസ്, ബ്ലോക്ക്‌ചെയിൻ, ഡെവ്ഓപ്സ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ.

യോഗ്യത

തസ്തിക അനുസരിച്ച് വിദ്യാഭ്യാസ യോഗ്യതയിലും പ്രവൃത്തിപരിചയത്തിലും വ്യത്യാസമുണ്ടാകും. എഐസിടിഇ, യുജിസി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സർവകലാശാലകളിൽ നിന്നോ നേടിയ യോഗ്യതകളാണ് പരിഗണിക്കുക. ചില തസ്തികകളിലേക്ക് പ്രവൃത്തിപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

പ്രായപരിധിയും ശമ്പളവും

തസ്തിക അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ വ്യത്യാസമുണ്ട്. 30 മുതൽ 45 വയസുവരെയാണ് ഉയർന്ന പ്രായപരിധി. ശമ്പളവും തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും. പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ ഏകദേശം 3.6 ലക്ഷം മുതൽ 22.9 ലക്ഷം രൂപ വരെ സി.ടി.സി ലഭിക്കും.

അപേക്ഷകൾ പരിശോധിച്ച ശേഷം മതിയായ യോഗ്യതയുള്ള ഉദ്യോഗാർഥികളെ തുടർ നടപടികൾക്കായി ക്ഷണിക്കും. അക്കാദമിക് യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തുപരീക്ഷയിലെ പ്രകടനം, അഭിമുഖം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ്. എല്ലാ തസ്തികകൾക്കും എഴുത്തുപരീക്ഷ ഉണ്ടായിരിക്കണമെന്നില്ല.

ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് പരീക്ഷയുടെയും അഭിമുഖത്തിന്റെയും വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കും.

കേരളത്തിലെ ഒഴിവുകൾ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക

https://careers.cdac.in/advt-details/TR-2992026-EUCWK

മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകൾ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക

https://careers.cdac.in

You may also like