Home Education/Careerഎസ്എസ്എൽസി പരീക്ഷ മാർച്ച് ഒന്നിന്; ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് രണ്ടുമുതൽ, തീയതികൾ പ്രഖ്യാപിച്ചു

എസ്എസ്എൽസി പരീക്ഷ മാർച്ച് ഒന്നിന്; ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് രണ്ടുമുതൽ, തീയതികൾ പ്രഖ്യാപിച്ചു

by news_desk1
0 comments

തിരുവനന്തപുരം: 2026–27 അധ്യയന വർഷത്തെ പൊതുപരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ 2027 മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് രണ്ടുമുതലാണ് ആരംഭിക്കുക. എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, ശ്രവണപരിമിതിയുള്ള വിദ്യാർഥികൾക്കായുള്ള പ്രത്യേക വിഭാഗങ്ങളിലെ പരീക്ഷകളുടെയും തീയതികളാണ് പ്രഖ്യാപിച്ചത്.

മാർച്ച് എട്ടിന് നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9.30ന് ആരംഭിക്കും. മാർച്ച് എട്ടിലെ പരീക്ഷ ഉച്ചയ്ക്ക് രണ്ടിനാണ് നടത്തുക.

ഗൾഫ്, ലക്ഷദ്വീപ് പരീക്ഷാകേന്ദ്രങ്ങൾ ഉൾപ്പെടെ ആകെ 3,049 കേന്ദ്രങ്ങളാണ് എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫിലും ലക്ഷദ്വീപിലും ഏഴ് വീതം പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. ടി.എച്ച്.എസ്.എൽ.സിക്ക് 46 കേന്ദ്രങ്ങളും എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിന് 29 കേന്ദ്രങ്ങളും ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിന് രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. എ.എച്ച്.എസ്.എൽ.സി പരീക്ഷയ്ക്ക് കേരള കലാമണ്ഡലത്തിൽ ഒരു കേന്ദ്രവും അനുവദിച്ചിട്ടുണ്ട്.

എല്ലാ വിഭാഗങ്ങളിലുമായി ഏകദേശം 4.25 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പൊതുപരീക്ഷ എഴുതുക.

എസ്.എസ്.എൽ.സി ഐ.ടി പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്നിന് ആരംഭിച്ച് ഫെബ്രുവരി 15ന് അവസാനിക്കും. എസ്.എസ്.എൽ.സി മാതൃകാ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നടത്തുക.

You may also like