മുംബൈ: സംവിധായകന്‍ പ്രിയദര്‍ശനെ പ്രശംസിച്ച് പ്രമുഖ നിര്‍മാതാവ് ഏക്താ കപൂര്‍. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രം സമ്മാനിച്ചതിന് പ്രിയദര്‍ശനോട് നന്ദി അറിയിച്ച് ഏക്താ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിര്‍മാതാവിന്റെ സാമ്പത്തിക സുരക്ഷയെ പ്രധാനമായി കാണുന്ന പ്രിയദര്‍ശന്റെ സമീപനം തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും ഏക്താ വ്യക്തമാക്കി.
ഒരു സിനിമ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നിര്‍മാതാവിന് ലാഭമുണ്ടാകുമോ എന്ന കാര്യമാണ് പ്രിയദര്‍ശന്‍ ആദ്യം ചോദിച്ചതെന്ന് ഏക്താ കുറിച്ചു. “എന്റെ നിര്‍മാതാവിന് പണം ലഭിക്കാത്ത സിനിമയില്‍ ഞാന്‍ പ്രവര്‍ത്തിക്കാറില്ല” എന്ന പ്രിയദര്‍ശന്റെ വാക്കുകള്‍ തനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയതായും അവര്‍ പറഞ്ഞു.
“പ്രിയദര്‍ശനെപ്പോലെ പരിചയസമ്പന്നനായ സംവിധായകനൊപ്പമാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അത് എല്ലായ്പ്പോഴും പരസ്പര ബഹുമാനത്തോടെയായിരുന്നു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തതുപോലെ ഇത്രയും ആസ്വദിച്ച് മറ്റൊരാളോടും പ്രവര്‍ത്തിച്ചിട്ടില്ല,” എന്നാണ് ഏക്താ കുറിച്ചത്.
പ്രിയദര്‍ശന്റെ കാഴ്ചപ്പാടിനും അച്ചടക്കത്തിനും പ്രത്യേക നന്ദി രേഖപ്പെടുത്തിയ ഏക്താ, തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ചതിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും വ്യക്തമാക്കി.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് അക്ഷയ് കുമാര്‍ നായകനായെത്തിയ ‘ഭൂത് ബംഗ്ലാ’ ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ചിത്രത്തില്‍ വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, അസ്രാണി, രാജ്പാല്‍ യാദവ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

