തൃശൂർ: രമേശ് ചെന്നിത്തലയുടെ 16-ാം ഗാന്ധിഗ്രാമം പരിപാടി ഇന്ന് ഗുരുവായൂർ പുന്നയൂർ പഞ്ചായത്തിലെ അകലാട് മുനൈനിയിൽ നടക്കും. കഴിഞ്ഞ 15 വർഷമായി പുതുവത്സരദിനം രമേശ് ചെന്നിത്തല ദളിത് ആദിവാസി ഗ്രാമങ്ങളിൽ അവർക്കൊപ്പമാണ് ആഘോഷിച്ച് വന്നിരുന്നത്. ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കുകയും അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായിരുന്ന കാലത്ത് ആദിവാസി- ദളിത് വിഭാഗങ്ങളുടെ ക്ഷേമത്തിനും, ഉന്നമനത്തിനുമായാണ് ഗാന്ധിഗ്രാമം പരിപാടി ആരംഭിച്ചത്. ആദ്യതവണ കോളനിവികസനത്തിനായി സർക്കാരിനെക്കൊണ്ട് ഒരു കോടി രൂപ വീതം അനുവദിപ്പിക്കാൻ കഴിഞ്ഞിരുന്നു. പിന്നീട് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷനേതാവ് ആയിരുന്നപ്പോഴും പുതുവർഷം അവർക്കൊപ്പമാണ് രമേശ് ചെന്നിത്തല ആഘോഷിച്ചിരുന്നത്.
പുതുവർഷ ദിനം രാവിലെ ഒൻപത് മണിക്ക് പുന്നയൂരിൽ എത്തിയ രമേശ് ചെന്നിത്തല പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും കോളനിവാസികൾക്കൊപ്പം ഒത്തുചേരും. അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കും. അതിനുശേഷം ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികൾ ആസ്വദിച്ച ശേഷം മടങ്ങും.
2011 ൽ ഗാന്ധിഗ്രാമം പരിപാടി തൃശൂരിൽ കെ.കരുണാകരൻ്റെ മണ്ഡലമായ മാളയിലെ കുന്നത്തുകാട് കോളനിയിൽ നിന്നുമാണ് രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി ആരംഭിച്ചത്. കഴിഞ്ഞ വർഷം പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിയോജക മണ്ഡലത്തിലെ പെരിങ്ങര പഞ്ചായത്തിലെ മുണ്ടപ്പള്ളി പട്ടികജാതി കോളനിയിലായിരുന്നു പരിപാടി.
Highlights: Ramesh Chennithala at Akalad Munaini in on New Year’s Day 16th Gandhigramam program

