Home Keralaമാസപ്പടി കേസ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യത്തിനെതിരെ ഇഡി കോടതിയിൽ; കക്ഷിചേരാൻ ഹർജി

മാസപ്പടി കേസ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യത്തിനെതിരെ ഇഡി കോടതിയിൽ; കക്ഷിചേരാൻ ഹർജി

by news_desk1
0 comments

തിരുവനന്തപുരം: വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസ് അന്വേഷിക്കാനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം അനുവദിച്ച കേസിൽ കക്ഷിചേരാനായി ഇഡി കോടതിയിൽ ഹർജി നൽകി. ഹർജിയുടെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്.

അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കേസിന്റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ തങ്ങളെയും കേൾക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ആയുധങ്ങൾ കണ്ടെടുത്തതോ മഹസർ തയ്യാറാക്കിയതോ കൊണ്ട് അന്വേഷണം അവസാനിക്കുന്നില്ലെന്നും, ജാമ്യാപേക്ഷയിൽ പ്രോസിക്യൂട്ടർ സ്വീകരിച്ച നിലപാട് സംശയാസ്പദമാണെന്നും ഇഡി അസിസ്റ്റന്റ് ഡയറക്ടർ സനത് റെഡ്ഡി ഹർജിയിൽ പറയുന്നു.

നിരവധി പ്രതികൾ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്നും, ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ തെളിയിക്കാനുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

മുൻ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്.

പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷനും പൊലീസും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യാപേക്ഷ അംഗീകരിച്ചത്.

പ്രോസിക്യൂട്ടറുടെ നിലപാടിൽ വിവാദം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടറുടെ നിലപാടിനെതിരെയും വിമർശനം ഉയരുന്നുണ്ട്.

കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ പ്രോസിക്യൂട്ടർ പൊലീസിനോട് ആവശ്യപ്പെട്ടില്ലെന്ന വിവരമാണ് പുറത്തുവന്നത്. പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി വാദിച്ച പ്രോസിക്യൂട്ടർ പ്രതിയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് കോടതിയെ അറിയിച്ചതോടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നാണ് ആരോപണം.

You may also like