Home Keralaമൂന്ന് മാസമായി പെൻഷൻ മുടങ്ങി; എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിൽ

മൂന്ന് മാസമായി പെൻഷൻ മുടങ്ങി; എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിൽ

by news_desk1
0 comments

കാസർകോട്: സർക്കാർ നൽകുന്ന പെൻഷൻ മുടങ്ങിയതോടെ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിൽ. മൂന്ന് മാസമായി ദുരിതബാധിതർക്ക് പെൻഷൻ ലഭിച്ചിട്ടില്ല. ലക്ഷങ്ങളുടെ കുടിശിക വന്നതോടെ നീതി മെഡിക്കൽ സ്റ്റോറുകൾ വഴി നൽകിയിരുന്ന സൗജന്യ മരുന്ന് വിതരണവും നിലച്ചിരിക്കുകയാണ്.

മാർച്ചിലാണ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് അവസാനമായി പെൻഷൻ ലഭിച്ചത്. പ്രതിമാസം ലഭിക്കുന്ന പെൻഷൻ തുകയെ ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി കുടുംബങ്ങളുണ്ട്. പെൻഷൻ മുടങ്ങിയതോടെ ഇവർ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്.

സൗജന്യമായി മരുന്ന് വിതരണം ചെയ്തിരുന്ന നീതി മെഡിക്കൽ സ്റ്റോറുകൾക്ക് സർക്കാർ 44 ലക്ഷത്തിലധികം രൂപ കുടിശിക നൽകാനുണ്ട്. ഇതിനെ തുടർന്നാണ് സൗജന്യ മരുന്ന് വിതരണവും നിർത്തിവെച്ചത്.

എൻഡോസൾഫാൻ ഇരകളെ സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ബജറ്റിലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ദുരിതബാധിതർ, പെൻഷനും മരുന്നും ഉറപ്പാക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പെൻഷനും മരുന്നും മുടങ്ങിയ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിപിഐഎം നേതാവ് പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.

വിഷയം അതീവ ഗൗരവമുള്ളതാണെന്ന് പറഞ്ഞ അവർ, ഒരു അമ്മയുടെ ദുരിതമാണ് ഇപ്പോൾ പുറത്തുവന്നതെന്നും, ഇത്തരത്തിൽ മറ്റൊരു അമ്മ കൂടി വേദന പങ്കുവെക്കേണ്ട സാഹചര്യം ഉണ്ടാകുന്നതിന് മുമ്പ് സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

മരുന്നും പെൻഷനും ലഭ്യമാക്കുന്നതിന് പ്രഥമ പരിഗണന നൽകണം. സർക്കാർ നൽകുന്നത് ആനുകൂല്യമല്ല, ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.

തെരഞ്ഞെടുപ്പ് വരെ ദുരിതബാധിതർക്ക് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നുവെന്നും, തുടർന്ന് വിഷയത്തിൽ ഇടപെടേണ്ടത് പുതിയ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പി.കെ. ശ്രീമതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉടൻ വിഷയത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

You may also like