Home Editorialഓർക്കണം, വാക്കേൽപ്പിക്കുന്ന മുറിവ് ഉണങ്ങാനെളുപ്പമല്ല

ഓർക്കണം, വാക്കേൽപ്പിക്കുന്ന മുറിവ് ഉണങ്ങാനെളുപ്പമല്ല

by news_desk1
0 comments

കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന വിവാദപരമായ സാഹചര്യത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിർദ്ദേശപ്രകാരം ഇന്നലെ ഔദ്യോഗികമായ പത്രക്കുറിപ്പ് വഴി തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു എന്നും കേരളത്തിന്റെ മതനിരപേക്ഷ കാഴ്ചപ്പാടിന് വിരുദ്ധമായി താൻ ഒരിക്കലും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും വ്യക്തമാക്കിക്കൊണ്ട് വാക്കുകൾ കൊണ്ട് ഉണ്ടായ പ്രതിസന്ധികൾക്കും പ്രയാസങ്ങൾക്കും ഖേദം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ നാലുവരി സർക്കാരിന്റെ ഔദ്യോഗിക കടലാസിൽ എഴുതി അയച്ചാൽ ഉണങ്ങുന്ന മുറിവല്ല സാംസ്കാരിക വകുപ്പ് മന്ത്രികൂടിയായ വാക്കുകൾ സമൂഹത്തിൽ ഏൽപ്പിച്ചത്.

ആയുധം കൊണ്ട് സൃഷ്ടിക്കാൻ ആവുന്നതിനേക്കാൾ അപ്പുറമാണ് വാക്കുകൾ കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന മുറിവ്. ലോകത്താകമാനം അത്രമേൽ കലുഷിതമായ സാഹചര്യം നിലനിൽക്കെ. ഏതു വിധേനയും നാടിനെയും നാട്ടുകാരെയും ഭിന്നിപ്പിക്കാനും വർഗീയമായ ചേരിതിരിവിന് അവസരവും കാത്തു നിൽക്കുന്നവർക്കിടയിലേക്ക് ഉത്തരവാദിത്തപ്പെട്ട പദവി വഹിച്ചുകൊണ്ട് അവസരം കൊടുക്കുന്ന തരത്തിൽ ആയിപ്പോയി സജി ചെറിയാന്റെ വാക്കുകൾ. കേരളം പോലൊരു പരിപാവനമായ സംസ്ഥാനത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സാഹോദരത്വത്തിനും സഹവർത്തിത്വത്തിനും ഇന്നാളുവരെ കാത്തുസൂക്ഷിച്ചു പോകുന്ന മാനവിക മൂല്യങ്ങൾക്കും നിൽക്കുന്ന കനത്ത ആഘാതമാണ് അനവസരത്തിലുള്ള ഇത്തരം പ്രസ്താവനകൾ.

ഒരിക്കലും ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവമായി ന്യായീകരിക്കാൻ ആവില്ല. സജി ചെറിയാന്റെ ഭാഗത്ത് നിന്ന് ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെ സമാനമായ രീതിയിലുള്ള പ്രതികരണങ്ങൾ പല സാഹചര്യങ്ങളിലും മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ജാതിമത വർഗ്ഗ വർണ്ണ ലിംഗ ചിന്തകൾക്ക് അതീതമായി നാടിന്റെ പൊതുവികാരം ഉണർന്ന് പ്രവർത്തിക്കേണ്ട കാലഘട്ടമാണിത്. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ സൂക്ഷ്മതയോടു കൂടി നിശ്ചയിക്കുകയും അതിനെ നിഷേധിച്ച് പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടവർ നിരുത്തരവാദപരമായി സംസാരിക്കുന്നത് ദൗർഭാഗ്യകരമാണ്.

സമുദായ സംഘടനകൾ കേരളത്തിൻറെ ഭാഗമാണ്. അവരുടെ സാന്നിധ്യത്തെയോ പ്രവർത്തനങ്ങളെയോ ആരും തന്നെ വിലകുറച്ചു കാണുന്നില്ല. എന്നാൽ അടുത്തകാലത്തായി കയ്യിലിരിക്കുന്ന വോട്ടിന്റെ ബലത്തിൽ ഭരിക്കുന്ന സർക്കാരുകളെ ജനാധിപത്യ പ്രസ്ഥാനങ്ങളെ സമ്മർദ്ദത്തിൽ ആക്കാൻ ശ്രമിക്കുന്ന അനാരോഗ്യകരമായ ഒരു പ്രവണത ഈ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. രാഷ്ട്രീയത്തിൽ മതം ഇടപെടുന്നതോ മതത്തിൽ രാഷ്ട്രീയം ഇടപെടുന്നതോ ഒട്ടും ശുഭകരമല്ല. അത് നാടിന്റെ സ്വൈര്യ വികാരത്തെ പോലും പലപ്പോഴും ബാധിക്കാറുണ്ട് ബാധിച്ചിട്ടുണ്ട്. അവിടെയെല്ലാം പാലിക്കേണ്ടതായിട്ടുള്ള നിബന്ധനകളും നിയന്ത്രണങ്ങളും ഉണ്ട്. ഒരാവേശത്തിൽ പറയുന്നത് മറ്റു ആവേശത്തിന് തിരിച്ചെടുക്കാൻ കഴിയില്ല. ആരെയും ആർക്കും വിമർശിക്കാം അത് വ്യക്തിപരമാകരുത്.

സമുദായ സംഘടനകളെ കാണുന്നതോ കേൾക്കുന്നതോ സംസാരിക്കുന്നതോ ഒന്നും തെറ്റല്ല; പക്ഷേ, അവരുടെ മുന്നിൽ കാൽക്കൽ എല്ലാം കൊണ്ട് ചെന്ന് സമർപ്പിച്ച് ദയവിന് വേണ്ടി കുനിഞ്ഞു നിൽക്കുന്നത് അപമാനകരമാണ് അപഹാസ്യമാണ്. മുന്നോക്ക ആയാലും പിന്നോക്കമായാലും ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണഘടനയ്ക്ക് കീഴിൽ എല്ലാവരും തുല്യരാണ്. അവകാശങ്ങൾ നേടിയെടുക്കാൻ ധീരമായ പോരാട്ടങ്ങൾ നയിക്കാം പക്ഷേ തട്ടിപ്പറിക്കുകയല്ല വേണ്ടത്. ഒരിക്കലും പൊതുപ്രവർത്തകരോ ഭരണാധികാരികളോ സമുദായ സംഘടനകളുടെ തലപ്പത്തിരിക്കുന്ന നേതാക്കളുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് തുള്ളുന്ന കളിപ്പാവകൾ ആകരുത്. സമുദായ സമൂഹത്തെ മുഴുവൻ കൊള്ളുന്ന നാടിന്റെ നായകരാണ് നിങ്ങൾ. നേരു പറഞ്ഞ നേരായ വഴിക്ക് അനേകായങ്ങളെ നയിക്കേണ്ടത് ജനപ്രതിനിധികളും പൊതുപ്രവർത്തകരുമാണ്. സമുദായങ്ങളുടെ തമ്മിൽ തല്ലിൽ ലാഭം കൊയ്യാനോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അവരെ ഒരുമിച്ചിരുത്താനോ ശ്രമിക്കുന്നത് ഒരിക്കലും ഭൂഷണമല്ല. ഐക്യത്തോടുകൂടി സാമൂഹിക സമുദായ പ്രസ്ഥാനങ്ങൾ മുന്നോട്ടുപോകുന്നത് നല്ലതാണ് മാതൃകാപരവുമാണ്. എന്നാൽ ഏതെങ്കിലും വിവാദത്തിനോ വെല്ലുവിളികൾക്കോ ആകരുത് ആ ഐക്യവേദി ഉപയോഗിക്കേണ്ടത്. കൂടാതെ മാധ്യമങ്ങളും കൃത്യമായ ജാഗ്രതയോടെ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്.

You may also like