Home Top Storiesശബരിമല സ്വര്‍ണ്ണക്കൊള്ള: എസ് ജയശ്രീക്കും കല്‍പേഷിനും ഇ ഡി നോട്ടീസ്; SIT കുറ്റപത്രത്തിന്റെ കരട് ഈമാസം തന്നെ.

ശബരിമല സ്വര്‍ണ്ണക്കൊള്ള: എസ് ജയശ്രീക്കും കല്‍പേഷിനും ഇ ഡി നോട്ടീസ്; SIT കുറ്റപത്രത്തിന്റെ കരട് ഈമാസം തന്നെ.

by news_desk3
0 comments

തിരുവനന്തപുരം. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്ക് കൂടി നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കാണ് ഇ ഡി നോട്ടീസ് അയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിരെ ജ്വല്ലറി ഉടമ ഗോവര്‍ധന് നല്‍കിയത് കല്‍പേഷായിരുന്നു. മിനുട്‌സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം നടന്‍ ജയറാമിനും ഇ ഡി നോട്ടീസ് അയച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇ ഡി നോട്ടീസ് അയച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയാണ് ഇ ഡി ലക്ഷ്യം.

കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസു ഇന്ന് പുറത്തിറങ്ങും. വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജിയില്‍ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടിയത്. കട്ടിളപ്പാളിക്കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജാമ്യനീക്കം.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വര്‍ണം ഉരുക്കിമാറ്റിയതുതന്നെയെന്ന് എസ്‌ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍. പ്രതികളുടെ മൊഴിയും സ്മാര്‍ട്ട് ക്രിയേഷന്‍സിലെ രേഖകളും തെളിവായി ഹാജരാക്കും. കൂടുതല്‍ പേരെ ഇനി കേസില്‍ പ്രതിചേര്‍ക്കാനുള്ള നീക്കം ഉണ്ടായേക്കില്ല. കുറ്റപത്രം ഈ മാസം അവസാനത്തോടെയോ മാര്‍ച്ച് ആദ്യമോ നല്‍കാനാണ് എസ്‌ഐടി നീക്കം.

You may also like