Home Keralaഅർജുൻ ആയങ്കിക്കെതിരായ നടപടി; രമേശ് ചെന്നിത്തലയെയും പൊലീസിനെയും അഭിനന്ദിച്ച് റോജി എം. ജോൺ

അർജുൻ ആയങ്കിക്കെതിരായ നടപടി; രമേശ് ചെന്നിത്തലയെയും പൊലീസിനെയും അഭിനന്ദിച്ച് റോജി എം. ജോൺ

by news_desk1
0 comments

തിരുവനന്തപുരം: നാടിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചും പൊതുമണ്ഡലത്തിൽ പ്രകോപനപരമായ നിലപാടുകൾ സ്വീകരിച്ചും സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചവർക്കെതിരെ കേരള പൊലീസ് സ്വീകരിച്ച ശക്തമായ നിയമനടപടികളെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും കേരള പൊലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.

സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിദ്വേഷം പ്രചരിപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്തവർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടി സ്വാഗതാർഹമാണെന്ന് റോജി എം. ജോൺ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. നിയമത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്നും നിയമവാഴ്ചയുടെ സംരക്ഷണവും ക്രമസമാധാന പാലനവും സംസ്ഥാനത്തിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമണ്ഡലത്തിൽ അപരിഷ്കൃതവും അക്രമാസക്തവുമായ നിലപാടുകൾ പ്രചരിപ്പിച്ച് സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന അർജുൻ ആയങ്കിമാർക്കും ടി.ജി. മോഹൻദാസുമാർക്കും തോന്നിയത് പോലെ എന്തും പ്രവർത്തിക്കാനുള്ള അരാജകത്വ സ്വാതന്ത്ര്യം നൽകുന്ന സർക്കാരല്ല ഇന്ന് കേരളം ഭരിക്കുന്നതെന്നും റോജി എം. ജോൺ പറഞ്ഞു.

സംസ്ഥാനത്തെ ക്രിമിനൽ-ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാൻ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ ഗ്രിപ്പ്’, ലഹരി മാഫിയകൾക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ തുടങ്ങിയ പദ്ധതികൾ കേരളത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന പൊലീസിന്റെ ഇത്തരം ജനകീയ ഇടപെടലുകൾ വിജയിപ്പിക്കാൻ പൊതുസമൂഹത്തിന്റെ പിന്തുണ വേണം. പൊലീസിനെ വെല്ലുവിളിക്കുകയും ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുകയും ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കേരള പൊലീസിനും അഭിനന്ദനങ്ങളെന്നും റോജി എം. ജോൺ കുറിച്ചു.

You may also like