നാടോടുമ്പോൾ നടുവേ ഓടുക എന്ന പഴമൊഴി പോലെയാണ് കേരളത്തിലെ റോഡുകളിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങളിൽ ആളുകളുടെ സഞ്ചാരം. മുൻകരുതലുകളും നിയമനിർമ്മാണ സംവിധാനങ്ങളോടുള്ള വിധേയത്ത്വമോ ബഹുമാനമോ ഇല്ലാതെ ഇത്തരത്തിൽ ചീറിപ്പായുന്ന വാഹനങ്ങൾക്ക് കൂച്ചുവിലങ്ങിടേണ്ട സമയം അതിക്രമിച്ചിരുന്നു. തികച്ചും യാദൃശ്ചികമായാണ് എങ്കിലും അതിനൊരു അവസരം ഉണ്ടായതിൽ ലോകമെമ്പാടുമുള്ള മാനവ സമൂഹം അതിയായ സന്തോഷത്തിലാണ് പ്രത്യേകിച്ച് മലയാളികൾ. എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ വണ്ടിയോടിച്ച് വന്ന സ്കൂട്ടർ യാത്രക്കാരനെ പ്രഭാവതി അമ്മ എന്ന വയോധിക പരസ്യമായി തടഞ്ഞുനിർത്തി ഗതാഗത നിയമലംഘനത്തെയും അതോടൊപ്പം തന്നെ റോഡിൽ സഞ്ചരിക്കാനുള്ള മനുഷ്യന്റെ അവകാശത്തെയും ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. നിമിഷങ്ങൾക്കകം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആ വീഡിയോ വൈറലായി. മാധ്യമങ്ങളും പത്രങ്ങളും വിഷയം ഏറ്റെടുത്തതോടെ പ്രഭാവതി അമ്മ താരമായി. നിയമലംഘനങ്ങൾക്കെതിരെ പൊതുജനങ്ങൾ തന്നെ പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു എന്ന് പ്രഭാവതി അമ്മയുടെ ഇടപെടൽ സാക്ഷ്യപ്പെടുത്തുന്നു.
വളരെ വൈകാതെ കേരളത്തിലെ നിരത്തുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷിത യാത്രയ്ക്കായി സർക്കാർ ഇടപെടൽ നടത്തണമെന്ന് പ്രഭാവതി അമ്മയുടെ അഭ്യർഥന മാനിച്ച് മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് സ്കൂട്ടർ യാത്രിക ലൈസൻസ് എം.വി.ഡിയെ കൊണ്ട് സസ്പെൻഡ് ചെയ്യിപ്പിച്ചു. താക്കീതും ഉപദേശവും കൊടുത്ത് മാറ്റിനിർത്താൻ ശ്രമിച്ചിട്ട് കാര്യമില്ല ഉടനടി നടപടിയാണ് ആവശ്യം എങ്കിൽ മാത്രമേ ഈ സംവിധാനത്തെ മനുഷ്യരുടെ മനോഭാവത്തെ നന്നാക്കിയെടുക്കാൻ കഴിയൂ എന്നുള്ള തിരിച്ചറിവ് വൈകിയെങ്കിലും നമ്മുടെ ഭരണസംവിധാനങ്ങള്ക്ക് കൈ വന്നതിൽ സന്തോഷമുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നിയമങ്ങളിൽ മാത്രം ഉണ്ടായാൽ പോരാ അതിന്റെ ഗുണഭോക്താക്കൾ ആയിട്ടുള്ള ജനങ്ങളും അതിനോട് നീതിപൂർവ്വകമായ രീതിയിൽ ഇടപെടേണ്ടിയിരിക്കുന്നു എങ്കിൽ മാത്രമേ അത് പൂർണ്ണമായും നിയമമാകുകയുള്ളൂ. നമ്മുടെ നിരത്തുകളിൽ ദിവസവും പൊലിയുന്ന ജീവനുകളിൽ പ്രധാനമായും അശ്രദ്ധയാണ് ഏറെയും പ്രധാന കാരണം. അമിതവേഗം, മൽസരം, ലഹരിയുപയോഗിച്ച് വാഹനമോടിക്കൽ ഇതൊക്കെ കാരണങ്ങളാണ്. ഇവരെ നിയന്ത്രിക്കാനുള്ളതാണ് നിയമങ്ങൾ. പക്ഷേ, അത് കേവലം ഒരു കടലാസ് കെട്ടുകളിൽ എഴുതിച്ചേർത്ത നാലക്ഷരങ്ങൾ മാത്രമായി പലപ്പോഴും മാറുന്നതാണ് അനുഭവം. പലപ്പോഴും ജനങ്ങളുടെ ലക്ഷ്യമായ ഇടപെടലുകളും ദുരുപയോഗവുമാണ് വലുതും ചെറുതുമായ നിയമപരമായ പല നടപടിക്രമങ്ങളുടെയും പ്രാധാന്യം ഇല്ലാതാക്കിയത്.
നിയമങ്ങൾ ആയ ചുറ്റപ്പെട്ടിട്ടുള്ള സമൂഹം നാടിന്റെ നന്മയ്ക്കാണ് ഒരിക്കലും തിന്മക്കല്ല.ആ ബോധ്യവും വർത്തമാനകാല പൗരനെ നയിക്കേണ്ടതാണ്. റോഡ് അപകടങ്ങൾ അത് വർധിക്കുന്നതല്ലാതെ കുറയുന്നതായി ഒരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ആ സ്ഥിതിയും മാറണം തെരുവുകൾ ശാന്തമായും സ്വസ്ഥമായും യാത്ര ചെയ്യാൻ കഴിയുന്ന ഇടങ്ങൾ ആകണം. കൃത്യമായ ഗതാഗത നിയമങ്ങൾ പാലിക്കുന്നവരെ അഭിനന്ദിക്കാനും അവരെ മുഖ്യശ്രേണിയിലേക്ക് കൊണ്ടുവന്ന അവരിലൂടെ ഗതാഗത നിയമങ്ങളുടെ പ്രാധാന്യവും അത് പാലിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തണം. വിദേശരാജ്യങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അവരുടെ രീതികൾ ശൈലികൾ വലിയ ആവേശത്തോടുകൂടി പറയുകയും പകർത്തുകയും ചെയ്യുന്ന മലയാളികൾ വിദേശരാജ്യങ്ങളിലെ ഗതാഗത നിയമങ്ങൾ പാലിക്കാൻ അവിടത്തെ ആളുകൾ കാണിക്കുന്ന ജാഗ്രതയെ കുറിച്ച് എന്തുകൊണ്ട് പറയുന്നില്ല ചർച്ച ചെയ്യുന്നില്ല എന്നുള്ളത് ആശ്ചര്യജനകമാണ്. പ്രഭാവതി അമ്മയുടെ മാതൃക പിന്തുടർന്ന് തെറ്റി കാണാനും അതിനെ തിരുത്താനുമുള്ള ചാലക ശക്തിയായി തലമുറകൾ മാറട്ടെയെന്നും. വ്യക്തിപരവും സാമൂഹികപരവുമായ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടാണ് റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നാട്ടിൽ നിർമ്മിച്ചിരിക്കുന്നത്. റോഡുകൾ സഞ്ചാരത്തിനാണ് സാഹസത്തിനുള്ളതല്ലെന്ന് വാഹന യാത്രികർ ഓർക്കണം.
