തിരുവനന്തപുരം. ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുന്നതിനിടെ നിലപാട് കടുപ്പിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. ചിലവായ മുഴുവൻ തുകയും നൽകണമെന്ന് ഊരാളുങ്കലിന്റെ ഉപകമ്പനിയായ ഐഐഐസി(IIIC) ആവശ്യപ്പെട്ടു. കമ്പനിയുടെ ഡെപ്യൂട്ടി ഡയറക്ടർ രേഖാമൂലം ദേവസ്വം ബോർഡ് പ്രസിഡന്റിനോട് ആവശ്യമുന്നയിച്ചു.
അയ്യപ്പ സംഗമത്തിന് 7,04,99,367 കോടി രൂപ ചെലവ് വന്നു എന്നാണ് ഐഐഐസി വീണ്ടും അറിയിച്ചിട്ടുള്ളത്. മുൻകൂറായി നൽകിയ 3 കോടി കഴിഞ്ഞുള്ള 4,04,99,367 രൂപ ഉടൻ നൽകണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്
എന്നാൽ 7.04 കോടിക്ക് പകരം 4.99 കോടി മാത്രമേ നൽകാനാകൂവെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. അയ്യപ്പ സംഗമത്തിന്റെ എസ്റ്റിമേറ്റ് ദേവസ്വം കമ്മീഷണർ ഏഴ് കോടിയിൽ നിന്ന് നാലരക്കോടിയാക്കി ചുരുക്കിയിരുന്നു. ഈ തുക നൽകിയാൽ മതിയെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
ബോര്‍ഡ് ആവശ്യപ്പെട്ട സേവനങ്ങള്‍ നല്‍കിയെന്ന് ഉറപ്പ് വരുത്തിയ ദേവസ്വം ഉദ്യോഗസ്ഥര്‍ ജോയിന്റ് മെഷര്‍മെന്റില്‍ ഒപ്പിട്ട് നല്‍കിയിട്ടുണ്ടെന്നാണ് ഊരാളുങ്കല്‍ ഇതിന് മറുപടിയായി ചൂണ്ടിക്കാണിക്കുന്നത്. 7,04,99,367 കോടിയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ദേവസ്വം ബോര്‍ഡിന് നല്കിയ കത്തില്‍ ഐഐഐസി ആവര്‍ത്തിച്ചിട്ടുണ്ട്.
എന്നാൽ, അയ്യപ്പ സംഗമത്തിന്റെ ചിലവ് 4.99 കോടിയായി നിജപ്പെടുത്താനാണ് മുൻ ദേവസ്വം ബോർഡ് തീരുമാനിച്ചത് എന്നും അത് ഐഐഐസിയെ അറിയിച്ചിട്ടുണ്ട് എന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ പ്രതികരണം. കണക്കുകളിലെ പൊരുത്തക്കേടുകൾ ഓഡിറ്ററുടെ പിഴവല്ലെന്നും മുൻ ദേവസ്വം ബോർഡ് കൃത്യമായി മറുപടി നൽകാത്തത് മൂലമുണ്ടായ പ്രശ്നങ്ങളാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദേവസ്വം ബോർഡും ഊരാളുങ്കലും ആഗോള അയ്യപ്പ സംഗമത്തിന് ചിലവായ തുകയുമായി ബന്ധപ്പെട്ട് രണ്ട് തട്ടിൽ ആകുന്നത് സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കിയേക്കാം.
