തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും പൂർണ്ണ നിയമപരിരക്ഷ ഉറപ്പാക്കുന്ന ചരിത്രപ്രധാനമായ വയോജന ക്ഷേമ ബിൽ നാളെ കേരള നിയമസഭയിൽ അവതരിപ്പിക്കും. വയോജനങ്ങളുടെ ക്ഷേമവും സമഗ്ര പരിചരണവും ലക്ഷ്യമിട്ട് സംസ്ഥാന-ജില്ലാതലങ്ങളിൽ അതിശക്തമായ മേൽനോട്ട സംവിധാനങ്ങൾ സ്ഥാപിക്കാനാണ് ഈ ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന മുതിർന്ന പൗര സംരക്ഷണ യൂണിറ്റിന് വയോജന ക്ഷേമ വകുപ്പ് ഡയറക്ടർ നേതൃത്വം നൽകും.
മുതിർന്ന പൗരന്മാർക്ക് സ്വന്തം വീടുകളിൽ തന്നെ സുരക്ഷിതമായി കഴിയാനുള്ള അന്തരീക്ഷമൊരുക്കുന്നതിനാണ് ബില്ലിൽ പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. വൃദ്ധസദനങ്ങളിലെ സ്ഥാപന പരിചരണം അവസാന മാർഗ്ഗം മാത്രമായിരിക്കും. വയോജനങ്ങളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുകയോ, ക്രൂരത കാട്ടുകയോ, അനാഥരായി ഉപേക്ഷിക്കുകയോ ചെയ്യുന്ന കുടുംബാംഗങ്ങൾക്കും പരിചരണദാതാക്കൾക്കും എതിരെ കടുത്ത ശിക്ഷാനടപടികളാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. കുറ്റക്കാർക്ക് 3 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ചുമത്താൻ നിയമം അനുശാസിക്കുന്നു.
ജീവിതാന്ത്യ ഘട്ടത്തിലെ ചികിത്സാ മുൻഗണനകൾ വ്യക്തികൾക്ക് മുൻകൂട്ടി എഴുതിവെയ്ക്കാനുള്ള (‘ലിവിങ് വിൽ’) നിയമപരമായ അവകാശം നൽകുന്നുവെന്നതാണ് ബില്ലിലെ മറ്റൊരു വിപ്ലവകരമായ മാറ്റം. വയോജന വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക നോഡൽ ഓഫീസർമാരെ നിയോഗിക്കും. കൂടാതെ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി ‘സംസ്ഥാന കരുതൽ നിധി’ രൂപീകരിക്കാനും ജില്ലാതലങ്ങളിൽ പ്രത്യേക സംരക്ഷണ ഫോറവും യൂണിറ്റുകളും സജ്ജമാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
