റിയാദ്/സന: റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ആഞ്ഞടിച്ച് സൗദി അറേബ്യൻ സൈന്യം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയിലും തായ്സിലും സൗദി വ്യോമസേന വൻതോതിൽ ബോംബാക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി സഖ്യസേന 124 അതിശക്തമായ ആക്രമണങ്ങളാണ് നടത്തിയതെന്ന് ഹൂതി വക്താവ് യാഹ്യ സാരീ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സൗദിക്കെതിരെ നാലോളം വൻ ആക്രമണങ്ങൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് സൗദി വ്യോമസേന ശക്തമായ തിരിച്ചടി നൽകിയത്. ആക്രമണത്തിൽ സനയിലും തായ്സിലും വൻതോതിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തായ്സിലെ അൽ തുർബയിൽ സൗദി നടത്തിയ വ്യോമാക്രമണത്തിൽ ജനവാസ കേന്ദ്രത്തിലെ കെട്ടിടം തകർന്നു വീണു. സനയിലെ അൽ താവ്ര ജില്ലയിലെ എയർപോർട്ട് റോഡിന് സമീപമുള്ള ജനവാസ മേഖലയിലും തായ്സിലെ ഹൈഫാൻ ജില്ലയിലെ അൽ സുർബി റോഡിലും സൗദി പോർവിമാനങ്ങൾ ബോംബുകൾ വർഷിച്ചു.
അതേസമയം, തായ്സിലെ ജബൽ ഹബാഷി ജില്ലയിലുള്ള അൽ അഫ്രിയ പ്രദേശത്ത് വീടിനുള്ളിൽ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ഏഴ് കുട്ടികൾക്ക് പരിക്കേറ്റതായും അൽ ദാഹിർ അതിർത്തി മേഖലകളിൽ സൗദി മിസൈലാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഹൂതികൾ ആക്രമണം കടുപ്പിച്ചതോടെ സൗദിയുടെ സുരക്ഷയ്ക്കായി സേനയെ അയക്കുമെന്ന് തുർക്കിയും പാകിസ്ഥാനും പ്രഖ്യാപിച്ചു കഴിഞ്ഞു. സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ സൗദി അറേബ്യയും സിറിയയും തമ്മിൽ സൈനിക വിന്യാസം സംബന്ധിച്ച് നിർണായക ചർച്ചകൾ നടത്തിയതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനിടെ സൗദിയിലെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർക്ക് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൂതികളുടെ ഭീകരാക്രമണത്തെ അപലപിച്ച് ഖത്തർ, ഇറാഖ്, ഇസ്രയേൽ, ജോർദാൻ, ലെബനൻ എന്നീ രാജ്യങ്ങൾ രംഗത്തെത്തി.
