ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടക്കാനിരിക്കെ ഡൽഹിയിൽ പോലീസിന്റെ വ്യാപക നടപടി. കോക്രോച്ച് ജനതാ പാർട്ടിയും ഇടത് വിദ്യാർഥി സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ആയിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെയോടെയാണ് വിവിധ മേഖലകളിൽ കൂട്ടക്കസ്റ്റഡി ആരംഭിച്ചത്.
വെള്ളിയാഴ്ച അർധരാത്രി വരെയുള്ള കണക്കുകൾ പ്രകാരം കസ്റ്റഡിയിലായവരിൽ 250ഓളം പേർ തെക്കുകിഴക്കൻ ഡൽഹിയിൽ നിന്നുള്ളവരാണ്. 2020ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ഷഹീൻ ബാഗിൽ നിന്നാണ് കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കിയതെന്നാണ് വിവരം.
ജന്തർ മന്തറിൽ പ്രതിഷേധം നടത്താനിരിക്കെ തലസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി പോലീസ് പ്രധാന കേന്ദ്രങ്ങളിലും അതിർത്തി മേഖലകളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് പരിശോധന കർശനമാക്കി. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വ്യാപക സുരക്ഷാ ക്രമീകരണങ്ങൾ.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിൽ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന് മുൻപുതന്നെ ആയിരത്തിലധികം പേരെ കസ്റ്റഡിയിലെടുത്ത നടപടി തലസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
