ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച രണ്ടാം ജന്തർ മന്തർ പ്രക്ഷോഭം ഇന്ന് ആരംഭിക്കും. രാവിലെ പത്തുമണിയോടെ ജന്തർ മന്തറിൽ എത്തിച്ചേരാനാണ് പ്രവർത്തകർക്ക് ആഹ്വാനം നൽകിയിരിക്കുന്നത്. സമരത്തിന് ഇടത് വിദ്യാർഥി സംഘടനകൾ, തൃണമൂൽ കോൺഗ്രസ്, സി.പി.എം എന്നിവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം നേരിടാൻ ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതോടെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങളും ഇന്റർനെറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർ രാവിലെ 10.15ഓടെ ഡൽഹി വിമാനത്താവളത്തിലെത്തുമെന്നാണ് വിവരം. അവിടെനിന്ന് നേരിട്ട് ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനം. എന്നാൽ വിമാനത്താവളത്തിൽവെച്ചുതന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അഭിജിത് ദീപ്കെ പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക, പ്രത്യേക തീവ്ര പരിശോധന (എസ്.ഐ.ആർ) നടപടികൾ അടിയന്തരമായി മരവിപ്പിക്കുക, 2025 ജനുവരിയിലെ വോട്ടർപട്ടിക പുനഃസ്ഥാപിക്കുക എന്നിവയാണ് സിജെപിയുടെ പ്രധാന ആവശ്യങ്ങൾ. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമത്തിൽ ഭേദഗതി വരുത്തി കമ്മീഷന്റെ ഘടനയിൽ സമഗ്ര പരിഷ്കരണം കൊണ്ടുവരണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.
പ്രതിഷേധം തടയുന്നതിനായി ഡൽഹി പോലീസ് വിപുലമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോലീസ്, സൈനിക അർധസൈനിക വിഭാഗങ്ങൾക്കു പുറമേ 70 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. പ്രധാന മേഖലകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്തു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 57 മെട്രോ സ്റ്റേഷനുകളുടെ പ്രവേശന-പുറത്തുകടക്കൽ കവാടങ്ങൾ വെള്ളിയാഴ്ച രാത്രി ഒൻപത് മുതൽ അടച്ചിട്ടിരിക്കുകയാണ്. ജന്തർ മന്തറിന് ചുറ്റുമുള്ള മേഖലകളിൽ ഊബർ, ഓല, റാപ്പിഡോ തുടങ്ങിയ യാത്രാ സേവനങ്ങൾക്കും നിയന്ത്രണമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച പുലർച്ചെ നാലുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിലേക്കും അവിടെനിന്നുമുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കർത്തവ്യപഥിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ വെള്ളിയാഴ്ച രാത്രി പത്തുമുതൽ ഇന്റർനെറ്റ് നിയന്ത്രണവും ഏർപ്പെടുത്തി. ജൻപഥ്–കർത്തവ്യപഥ് മേഖലകളിൽ ശനിയാഴ്ച രാത്രി പത്തുവരെ നിയന്ത്രണം തുടരും.
സുരക്ഷാ നടപടികളുടെ ഭാഗമായി മേഖലയിലെ ചില്ലറ മദ്യവിൽപ്പനശാലകളും വെള്ളിയാഴ്ചയും ശനിയാഴ്ചയും അടച്ചിട്ടിരിക്കുകയാണ്. പൊതുക്രമസമാധാനം നിലനിർത്തുന്നതിനുള്ള പ്രതിരോധ നടപടിയായാണ് തീരുമാനമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. അതേസമയം, ലൈസൻസുള്ള റെസ്റ്റോറന്റുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ മദ്യവിൽപ്പന പതിവുപോലെ തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
