Home Internationalഇന്ത്യൻ പ്രൊഫഷണലുകളെ അധിക്ഷേപിച്ചോ? ജെ.ഡി. വാൻസിന്റെ പരാമർശത്തിൽ അമർഷം അറിയിച്ച് ഇന്ത്യ

ഇന്ത്യൻ പ്രൊഫഷണലുകളെ അധിക്ഷേപിച്ചോ? ജെ.ഡി. വാൻസിന്റെ പരാമർശത്തിൽ അമർഷം അറിയിച്ച് ഇന്ത്യ

by news_desk1
0 comments

ദില്ലി: വിദേശ പ്രൊഫഷണലുകളെക്കുറിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നടത്തിയ പരാമർശത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തി ഇന്ത്യ. വിദേശ തൊഴിലാളികളെ ‘കരാർ സേവകർ’ എന്ന അർഥം വരുന്ന പ്രയോഗത്തിലൂടെ വിശേഷിപ്പിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. പരാമർശം അനാവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെയും പുരോഗതിയുടെയും വളർച്ചയിൽ ഇന്ത്യക്കാർ നൽകിയ സംഭാവനകൾ അവഗണിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തലമുറകളായി കുടിയേറ്റക്കാരുടെ അധ്വാനവും സംരംഭകത്വവുമാണ് അമേരിക്കയുടെ ചരിത്രം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സംഭവവികാസങ്ങൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. പുതിയ നടപടികൾ എച്ച്-1ബി വിസകളുടെ സാധുതയെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ, അമേരിക്കയിലെ ഗ്രീൻ കാർഡ് നടപടികളിൽ നിന്ന് പ്രമുഖ ഇന്ത്യൻ ഐടി കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ നീക്കം ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ കമ്പനികൾക്കെതിരെയാണ് നടപടി. എച്ച്-1ബി വിസ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തുവെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ വിശദീകരണം. മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങിയ ആഗോള കമ്പനികൾക്കും നടപടിയുടെ ആഘാതമുണ്ട്.

ഈ കമ്പനികളിൽ നിന്നുള്ള പുതിയ പി.ഇ.ആർ.എം അപേക്ഷകൾ സ്വീകരിക്കില്ലെന്നും നിലവിലുള്ള അപേക്ഷകളുടെ തുടർനടപടികൾ നിർത്തിവച്ചെന്നുമാണ് റിപ്പോർട്ട്. വിദേശികളെ നിയമിക്കുന്നതിലൂടെ അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നാണ് ജെ.ഡി. വാൻസിന്റെ വാദം.

എച്ച്-1ബി വിസയിൽ ജോലി ചെയ്യുന്നവർക്ക് ഗ്രീൻ കാർഡ് നേടാനുള്ള നടപടികളിലെ ആദ്യഘട്ടമാണ് പി.ഇ.ആർ.എം. ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ അമേരിക്കയിൽ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

You may also like