ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) മുന്നേറ്റം. മധുരാന്തകം മണ്ഡലത്തിൽ വിജയം ഉറപ്പിച്ച ടിവികെ, ധാരാപുരത്തും ലീഡ് ഉയർത്തി. രണ്ടിടത്തും ഡിഎംകെയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിലെ എൻആർ കോൺഗ്രസ് മികച്ച വിജയം സ്വന്തമാക്കി.
അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ നിർണായക പരീക്ഷണത്തിൽ വിജയ്‌യുടെ രാഷ്ട്രീയ സ്വാധീനം പ്രകടമാകുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലസൂചനകൾ. എഐഎഡിഎംകെ എംഎൽഎമാരെ രാജിവയ്പ്പിച്ച് ടിവികെ പാളയത്തിലെത്തിച്ച നീക്കത്തോട് വോട്ടർമാർ എങ്ങനെ പ്രതികരിക്കുമെന്ന ആകാംക്ഷയ്ക്കിടെയാണ് പാർട്ടിയുടെ മുന്നേറ്റം.
കഴിഞ്ഞ ഏപ്രിലിൽ 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എഐഎഡിഎംകെ വിജയിച്ച ധാരാപുരത്ത് അഞ്ചാം റൗണ്ട് വരെ പിന്നിലായിരുന്ന ടിവികെ പിന്നീട് ലീഡ് പിടിച്ചെടുക്കുകയായിരുന്നു. വോട്ടെണ്ണൽ പകുതിയായപ്പോഴേക്കും ടിവികെ ലീഡ് ഉയർത്തി. സ്ഥാനാർഥി പി. സത്യഭാമയ്ക്ക് ഇത് വലിയ ആശ്വാസമായി. ധാരാപുരത്ത് ടിവികെയുടെ ലീഡ് 8,000 വോട്ടായി ഉയർന്നതായാണ് റിപ്പോർട്ട്.
മധുരാന്തകത്ത് ഓരോ റൗണ്ടിലും ലീഡ് വർധിപ്പിച്ച മരഗതം കുമരവേലും വിജയത്തിലേക്ക് നീങ്ങുകയാണ്. വിജയം ഉറപ്പായാൽ മന്ത്രിസഭയിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയും അവർക്കുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷണം. സഖ്യകക്ഷികളെ നഷ്ടമായിട്ടും മണ്ഡലങ്ങളിൽ പിടിച്ചുനിൽക്കാനായതിൽ ഡിഎംകെയ്ക്ക് ആശ്വാസമുണ്ട്.
അതേസമയം, ഒറ്റയ്ക്ക് മത്സരിച്ച സിപിഎമ്മിനും സിപിഐക്കും വോട്ടെണ്ണൽ പകുതിയായപ്പോഴും 1,000 വോട്ടുകൾ പോലും നേടാനായില്ലെന്നാണ് ലഭിക്കുന്ന വിവരം.
പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമി ഒഴിഞ്ഞ തട്ടാൻചാവടി മണ്ഡലം എൻഡിഎ നിലനിർത്തി. എൻആർ കോൺഗ്രസ് സ്ഥാനാർഥി അശോക് ആനന്ദാണ് വിജയിച്ചത്. കഴിഞ്ഞ ഏപ്രിലിൽ 4,441 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നേടിയ മണ്ഡലത്തിൽ ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാക്കാനായതും എൻആർ കോൺഗ്രസിന് നേട്ടമായി.
