വാഷിംഗ്ടൺ. ഇറാനിൽ നടത്തിയ ആക്രമണം അമേരിക്ക-ഇസ്രയേൽ സംയുക്ത നീക്കമെന്ന് സ്ഥിരീകരിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാനിൽ അമേരിക്കൻ സൈന്യം വലിയ തോതിലുള്ള സംയുക്ത ആക്രമണം ആരംഭിച്ചെന്നും ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ലോകത്തെ ഞെട്ടിച്ച ഈ സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്. അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും ഭീഷണികളെ പ്രതിരോധിക്കാനുമാണ് ഈ സൈനിക നീക്കമെന്ന് ട്രംപ് ന്യായീകരിച്ചു. ആക്രമണം അനിവാര്യമായിരുന്നുവെന്നും യു എസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. ഇറാനെതിരായ ഇസ്രയേൽ – അമേരിക്കൻ സംയുക്ത സൈനിക നടപടി പശ്ചിമേഷ്യയിൽ വലിയ യുദ്ധസാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇസ്രയേലിൽ നിന്നാണ് ഇറാനിലേക്ക് വ്യോമാക്രമണം നടത്തിയത്. ഇതോടെ വലിയ തിരിച്ചടിക്ക് ഇറാൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ആക്രമണമായിരുന്നെന്ന് ഇസ്രയേലും സ്ഥിരീകരിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളോടാണ് ഇസ്രയേൽ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇസ്രയേലാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും അമേരിക്കയുടെ ശക്തമായ പിന്തുണയോടെ നടത്തിയ ആക്രമണമാണെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളാണ് നടന്നത്. നഗരത്തിൽ പലയിടത്തും മിസൈലുകൾ പതിച്ചു. ആയത്തുള്ള അലി ഖമനയിയുടെ ഓഫീസുകൾക്ക് സമീപവും ആക്രമണമുണ്ടായി. ഖമനേയിയെ രഹസ്യതാവളത്തിലേക്ക് മാറ്റി. മുൻകരുതൽ ആക്രമണമെന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യോമമേഖല അടച്ചു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആളുകൾക്ക് നിർദേശം
ആക്രമണങ്ങളിൽ ഭയമില്ലെന്നും തളരില്ലെന്നും ഇറാൻ
ടെഹ്റാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. ആക്രമണത്തിനുള്ള തിരിച്ചടി കടുത്തതാകുമെന്ന് ഇറാൻ പ്രതികരിച്ചു. ആക്രമണങ്ങളിൽ ഭയമില്ലെന്നും തളരുകയും ഇല്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശങ്ങളിൽ ഇറാൻ വ്യക്തമാക്കി. ഇപ്പോഴത്തെ സംഭവങ്ങളുടെ അന്ത്യം ഇസ്രയേലിന്റെ കൈകളിൽ ആയിരിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
Live Updates
റിയാദ്: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി റിയാദിലെ ഇന്ത്യൻ എംബസി. ഫെബ്രുവരി 28-ന് പുറത്തിറക്കിയ പ്രത്യേക അഡ്വൈസറിയിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
സൗദിയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും, പ്രാദേശിക അധികൃതരും എംബസിയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ആവശ്യാനുസരണം പുതുക്കിയ നിർദ്ദേശങ്ങൾ നൽകുന്നതാണ്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ എംബസി സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര നമ്പറുകൾ: 00-966-11-4884697 (ഫോൺ), 00-966-542126748 (വാട്സ്ആപ്പ് മാത്രം), 800 247 1234 (ടോൾ ഫ്രീ), cw.riyadh@mea.gov.in പ്രവാസികൾ എംബസിയുടെ ഔദ്യോഗിക ചാനലുകൾ വഴി വരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ സൈനിക നടപടിയുടെ ലക്ഷ്യമടക്കം പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ ഭരണമാറ്റം തന്നെയാണ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാൻ സൈന്യം ആയുധം താഴെ വയ്ക്കണമെന്നും ഇറാൻ ഭരണകൂടത്തെ വീഴ്ത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ആയുധം വെച്ച് കീഴടങ്ങണമെന്ന് ഇറാൻ സേനയോട് ട്രംപ് ആവശ്യപ്പെട്ടു. ഇറാനിൽ ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു. കീഴടങ്ങുക, അല്ലെങ്കിൽ മരണമെന്ന അന്ത്യശാസനം ഇറാൻ റെവല്യൂഷനറി ഗാർഡിനും യു എസ് പ്രസിഡന്‍റ് നൽകി. ഇറാൻ നാവികസേനയെ ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ തങ്ങളുടെ ആണവ പദ്ധതി പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്നും ഇതാണ് ആക്രമണത്തിലേക്ക് പൊടുന്നനെ കടക്കാൻ യു എസിനെ പ്രേരിപ്പിച്ചതെന്നും പ്രസിഡന്‍റ് വിവരിച്ചു. അമേരിക്കയിൽ എത്താൻ കഴിയുന്ന മിസൈലുകൾ ഇറാൻ വികസിപ്പിക്കുകയാണെന്നും ആരോപിച്ചു. യു എസിൽ എത്തുന്ന മിസൈലുകൾ ഇറാൻ നിർമിക്കുന്നതുവരെ കാത്തിരിക്കാൻ ആകില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ ആക്രമണം തുടങ്ങിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ടെഹ്റാൻ. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങി. ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്താണ് ഇറാൻ തിരിച്ചടി തുടങ്ങിയത്. ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ മിസൈലുകൾ പതിച്ചതായും അപായ സൈറണുകൾ മുഴങ്ങുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ പതിച്ചെന്ന് ഇസ്രയേൽ സേനയും വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണ ശ്രമം ഉണ്ടായെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ ആക്രമണത്തിന്‍റെ തോതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മുൻകാലങ്ങളിലെ പോലെ കൂട്ടത്തോടെയുള്ള മിസൈൻ ആക്രമണമാണ് ഇറാൻ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇറാന്‍റെ തിരിച്ചടി ആക്രമണ സാധ്യത മുൻകൂട്ടി കണ്ട് ഇസ്രയേൽ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇറാന്റെ പ്രത്യാക്രമണം അതിശക്തമായിരിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്ന സാഹചര്യത്തിൽ, മേഖലയിൽ വൻ യുദ്ധത്തിനുള്ള സാധ്യതയാണ് നിലവിലുള്ളത്.
വ്യോമപാത അടച്ച് ഇറാൻ. മറ്റൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യോമപാത അടച്ചതായി ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനെെസേഷൻ വക്താവ് അറിയിച്ചു.
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ വ്യോമപാത അടച്ചതായി ഇറാഖും അറിയിച്ചു.
ടെഹ്‌റാന്‍റെ പല ഭാഗങ്ങളിലും മൊബൈൽ ഫോൺ ആശയവിനിമയം തടസ്സപ്പെട്ടു. നിലവിൽ ഫോൺ കോളുകൾ സാധ്യമല്ലെന്നാണ് വിവരം. ഇന്റർനെറ്റും ഉടൻ തന്നെ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട്.
ഇറാനിൽ ആക്രമണം; ഇറാനിലേത് അനിവാര്യ ആക്രമണമെന്ന് ട്രംപ്; വലിയ സൈനിക നടപടി തുടങ്ങിയെന്നും ഇറാനെ ആണവായുധം നേടാൻ അനുവദിക്കില്ലെന്നും ട്രംപ്
ഇറാനെതിരായ ഇസ്രേയൽ ആക്രമണത്തിൽ അമേരിക്കയുടെ പങ്ക് സ്ഥിരീകരിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
ഇറാനിയൻ ഭരണകൂടത്തിൻ്റെ ആസന്നമായ ഭീഷണികൾ ഇല്ലാതാക്കി അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാൻ്റെ ആണവ ആയുധം ഇല്ലാതാക്കാനാണ് നീക്കം. കുറച്ചുകാലമായി യുഎസ് സൈന്യത്തിൻ്റെ പ്രധാന യുദ്ധ കപ്പലുകൾ ഇറാനെ ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിചേർത്തു. നമ്മൾ അവരുടെ മിസൈലുകൾ നശിപ്പിക്കുകയും മിസൈൽ വ്യവസായം നിലംപരിശാക്കുകയും ചെയ്യും. അവരുടെ നാവികസേനയെ ഉന്മൂലനം ചെയ്യാൻ പോകുന്നുവെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.
